Ramadan | വിപണി കീഴടക്കി രുചിയൂറും നോമ്പുതുറ വിഭവങ്ങൾ; പ്രിയം സമൂസയ്ക്ക്; ഗ്രാമ - നഗര വ്യത്യാസമില്ലാതെ സ്റ്റോളുകൾ
Mar 22, 2024, 14:50 IST
കാസർകോട്: (KasargodVartha) റമദാൻ തുടങ്ങി 10 നാൾ പിന്നിട്ടതോടെ ഗ്രാമ - നഗര വ്യത്യാസമില്ലാതെ പലഹാരങ്ങളുടെയും പഴവർഗങ്ങളുടെയും വിപണി സജീവമായി. വിവിധ ഇനം പഴവർഗങ്ങളോടൊപ്പം, എങ്ങും നോമ്പുതുറ വിഭവങ്ങളുടെ വിൽപനയും തകൃതിയിലാണ്. 25 ഓളം ഇനങ്ങളാണ് നോമ്പുതുറ വിഭവങ്ങളായി ഗ്രാമങ്ങളിലും, നഗരങ്ങളിലും വിൽപനയ്ക്ക് എത്തുന്നത്. ഇവയിൽ സമൂസയ്ക്കാണ് ഏറെ പ്രിയം. അതുകൊണ്ടുതന്നെ എങ്ങും സമൂസ സ്റ്റോളുകളാണ് ഒരുക്കിയിരിക്കുന്നത്.
ഹോടെലുകൾക്കും, ബേകറികൾക്കും പുറമെ റോഡരികിലും നിരത്തി വെച്ചിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ ഉച്ചയോടെ തന്നെ അനവധി പേരാണ് എത്തുന്നത്. രുചിയും, മണവും വ്യത്യസ്തതയുമുള്ള വിഭവങ്ങൾ നോമ്പുതുറയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. ബീഫ് - ചികൻ റോൾ, ഷവർമ, കീമ, മുട്ട വെജിറ്റബിൾ സമൂസ, ചികൻ, മുട്ട, വെജിറ്റബിൾ പഫ്‌സുകൾ , ഇവ ചേർത്തുള്ള സാൻഡ് വിചുകൾ, വിവിധതരം പിസകൾ, ബർഗർ, മുളക് വട, മുട്ടമാല, കിളിക്കൂട്, കോഴിയട, ഇറച്ചി പത്തിരി, കായ്പോള, ഉന്നക്കായ, ചികൻ ബോണ്ട തുടങ്ങി വിഭവങ്ങൾ നിരവധിയാണ്.
ഏഴ് രൂപയുടെ വെജിറ്റബിൾ സമൂസ മുതൽ 100 രൂപയുടെ പള്ളിക്കറി നെയ്‌ച്ചോർ, ബിരിയാണി വരെ വിപണിയിൽ ലഭിക്കും. മധുര പലഹാരങ്ങൾക്ക് പുറമെ വിവിധ ഇനങ്ങളിൽ കബാബുകളും സ്റ്റോളുകളിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്. ഉത്തരേൻഡ്യൻ വിഭവമായ 'ചികൻ അലീമ' നഗരങ്ങളിലെ ബേകറി സ്റ്റോളുകളിലും ലഭ്യമാണ്.
നോമ്പ് തുറ സമയമായാൽ വീടുകളിലാകട്ടെ ചില വിഭവങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ചൂടുകാലമായതിനാൽ എണ്ണക്കടികളും, ഭക്ഷണങ്ങളും വിപണിയിൽ നിന്ന് തന്നെ വാങ്ങുന്ന സാഹചര്യമാണുള്ളത്. കാസർകോട്, കുമ്പള ടൗണിൽ മാത്രമായി വിവിധ സ്റ്റോളുകളിലായി ദിവസേന പതിനായിരത്തിലേറെ സമൂഹങ്ങളാണ് വിറ്റഴിക്കപ്പെടുന്നതെന്ന് ഉടമകൾ പറയുന്നു.