city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിയാഴ്ച രാവും 27-ാം രാവും ഒത്തു വന്നു, പ്രാര്‍ത്ഥനാനിര്‍വൃതിയിലലിഞ്ഞ് വിശ്വാസികള്‍

കാസര്‍കോട്/ കോഴിക്കോട്: (www.kasargodvartha.com 25.07.2014) ആയിരം മാസത്തേക്കാള്‍ പുണ്യമായ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് റമദാനിലെ 27-ാം രാവായ വെള്ളിയാഴ്ച വിശ്വാസികള്‍ ഒരു പോള കണ്ണടക്കാതെ പ്രാത്ഥനയില്‍ അലിഞ്ഞു. റമദാനിലെ അവസാന വെള്ളിയാഴ്ച കൂടി ഒത്തു വന്നതോടെ വിശ്വാസികള്‍ക്ക് കഴിഞ്ഞ രാത്രി അനിര്‍വ്വചനീയ അനുഭൂതിയായി.
 
പ്രധാന പള്ളികളെല്ലാം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. പ്രാര്‍ത്ഥനകള്‍ സങ്കീര്‍ത്തനം പെയ്ത രാവിനെ ചൈതന്യവത്താക്കി ഖുര്‍ ആന്‍ പാരായണവും പ്രവാചക കീര്‍ത്തനാലാപനവും നടന്നു. മണിക്കൂറുകള്‍ നീണ്ട തസ്ബീഹ് നിസ്‌ക്കാരം, ദിക്‌റ് സ്വലാത്തുകള്‍ എന്നിവയും 27-ാം രാവിനെ ധന്യമാക്കി. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും മാപ്പിരക്കലുമായി വിശ്വാസി സഹസ്രങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ആത്മ നിര്‍വൃതിയുടെ അവാച്യമായ അനുഭൂതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച നോമ്പു തുറന്നതിനു ശേഷം പള്ളികളില്‍ ആരംഭിച്ച പ്രാര്‍ത്ഥനകള്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് അവസാനിച്ചത്. റമദാനിലെ അവസാന ജുമാ നിസ്‌ക്കാരവും കൂടിയായപ്പോള്‍ പ്രാര്‍ത്ഥനകളുടെ ഒരു രാപ്പകലിലൂടെയാണ് വിശ്വാസി സമൂഹം കടന്നു പോയത്. തളങ്കര മാലിക്ദിനാര്‍ ജുമാഅത്ത് പള്ളി വിശ്വാസികളെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. തസ്ബീഹ് നിസ്‌ക്കാരവും കൂട്ട പ്രാര്‍ത്ഥനയും കഴിഞ്ഞ് പുലര്‍ച്ചയോടെയാണ് ആളുകള്‍ മടങ്ങിയത്. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, ദേളി സഅദിയ മസ്ജിദ്, കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദ്, പുത്തിഗെ മുഹിമ്മാത്ത്, കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ്, തായലങ്ങാടി കണ്ണാടിപ്പള്ളി, കല്ലക്കട്ട മുജമ്മഹ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നൂറു കണക്കിനു വിശ്വാസികളാണ് പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നേരത്തേ നടന്ന മഖാം സിയാറത്തിന് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്ക് വിവിധ സംഘടനകളുടേയും കമ്മിറ്റികളുടേയും നേതൃത്വത്തില്‍ പള്ളികളില്‍ ചായയും പായസവിതരണവും നടന്നു. പെരുന്നാള്‍ ദിനം അടുത്തു വന്നതോടെ പള്ളികള്‍ ഒന്നുകൂടി പ്രാര്‍ത്ഥനാ നിരതമായി. ദാനധര്‍മങ്ങളും ഇഫ്താര്‍ മീറ്റുകളും പ്രാര്‍ത്ഥനാ സദസ്സുകളും മത പ്രഭാഷണ പരിപാടികളും സജീവമായി. നാടും നഗരവും പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. നഗരം പെരുന്നാള്‍ത്തിരക്കിലമര്‍ന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, ഉപ്പള, നീലേശ്വരം, ചെറുവത്തൂര്‍, ബദിയടുക്ക തുടങ്ങിയ ടൗണുകളില്‍ പെരുന്നാള്‍ക്കച്ചവടം പൊടി പൊടിക്കുകയാണ്. പ്രധാന ടൗണുകളിലെല്ലാം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന സ്ഥിതിയുമുണ്ട്.

മലപ്പുറത്ത് അ്ദിന്‍ അക്കാദമി സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തില്‍ വിശ്വാസികള്‍ സ്വലാത്ത് നഗറില്‍ ആത്മീയ സാഗരം തീര്‍ത്തു. ഭീകരതക്കും ലഹരി വിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് ലോക സമാധാനത്തിനുള്ള പ്രാര്‍ഥനകളും നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഇഅ്തികാഫ് ജല്‍സയോടെ തുടങ്ങിയ പരിപാടികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. വൈകുന്നേരം ബുര്‍ദ പാരായണത്തോടെയാണ് പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങിയത്. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി പ്രാരംഭ പ്രാര്‍ഥന നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

ഭീകരതക്കെതിരെയുള്ള പ്രതിജ്ഞാ ചടങ്ങിനും സമാപന പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി. രാജ്യത്ത് ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ച റംസാന്‍ സമ്മേളനത്തില്‍ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രത്യേക പ്രമേയം അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സംവിധാനങ്ങളും ഇസ്രായില്‍ ഭീകരത അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സജീവമായി ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാറിനോട് സമ്മേളനം ആവശ്യപ്പെട്ടു.

യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഫലസ്തീനിനു അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തതിനെ പ്രകീര്‍ത്തിച്ച പ്രമേയം ഈ നിലപാട് രാജ്യത്തിനകത്തും അന്താരാഷ്ട്ര വേദികളിലും ഇനിയും തുടരേണ്ടതുണ്ടെന്നും പ്രമേയ പ്രഭാഷണം നടത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ആരംഭ കാലം മുതല്‍ നേതൃത്വം നല്‍കിയിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സ്മരണയില്‍ പ്രത്യേക ദുആയും വിഷ്വല്‍ പ്രസന്റേഷനും നടത്തി .

പ്രധാന നഗരിയിലും പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലുമായി ജനസാഗരം ഒന്നിച്ച് നോമ്പു തുറന്നു. പ്രവാസികള്‍ക്ക് പ്രത്യേക ഗള്‍ഫ് കൗണ്ടറും ദൂരെ ദിക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ വിതരണത്തിന് പ്രത്യേകം വളണ്ടിയര്‍ സംഘവും തയ്യാറാക്കിയിരുന്നു. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കു പുറമെ, തസ്ബീഹ്, അവ്വാബീന്‍, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.

സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് പൂക്കോയ തലപ്പാറ, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ നൂറുല്‍ ഹസന്‍ (ആസ്‌ട്രേലിയ), ഷാഹുല്‍ ഹമീദ് വാവു (ഹോങ്കോംഗ്) മുഹമ്മദ് മുഹ്‌സിന്‍ (ബ്രിട്ടന്‍), സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച രാവും 27-ാം രാവും ഒത്തു വന്നു,  പ്രാര്‍ത്ഥനാനിര്‍വൃതിയിലലിഞ്ഞ് വിശ്വാസികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia