Endosulfan Issue | എൻഡോസൾഫാൻ വിഷയം പാർലമെന്റിൽ ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
![Rajmohan Unnithan raises Endosulfan issue in Parliament](https://www.kasargodvartha.com/static/c1e/client/114096/uploaded/fef10d7d60a7ced1e87380ee7ae79531.jpg?width=823&height=463&resizemode=4)
● എൻഡോസൾഫാൻ വിഷയം പാർലമെന്റിൽ ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
● പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് ഏറ്റെടുത്ത 25 ഏക്കർ ഭൂമി യിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പുനരധിവാസ ഗ്രാമം ഒരുക്കാനാണ് പദ്ധതിയിട്ടത്.
ന്യൂഡൽഹി: (KasargodVartha) കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ആരംഭിച്ച 'സഹജീവനം സ്നേഹഗ്രാമം' പദ്ധതി പൂർണമായും നടപ്പാക്കാത്തതിൽ പാർലമെന്റിൽ വിഷയം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവം ദുരിതബാധിതരുടെ ദുരിതം കൂട്ടുകയാണെന്ന് എംപി കുറ്റപ്പെടുത്തി. രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ കേന്ദ്രം എന്ന നിലയിൽ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ വെറും തെറാപ്പി സെന്ററായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പീച്ച്, ഫിസിയോ, ഡവലപ്‌മെന്റൽ, സൈക്കോ തെറാപ്പികൾ മാത്രമാണ് ഇവിടെ നൽകുന്നത്. സ്പെഷൽ എജ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെ സേവനങ്ങളും ഉണ്ടെങ്കിലും പുനരധിവാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഇല്ലാത്തത് വലിയ വീഴ്ചയാണെന്ന് എംപി പറഞ്ഞു.
പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് ഏറ്റെടുത്ത 25 ഏക്കർ ഭൂമി യിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പുനരധിവാസ ഗ്രാമം ഒരുക്കാനാണ് പദ്ധതിയിട്ടത്. 5 ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും രണ്ടാംഘട്ട നിർമാണത്തിനുള്ള പണം പോലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വെറും തെറാപ്പി സെന്ററായി ഒതുക്കാതെ കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ ഇടപെട്ട് കേന്ദ്രം പരിപൂർണ സജ്ജമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധ്യമെങ്കിൽ കേന്ദ്ര സർക്കാർ ഈ പുനധിവാസ കേന്ദ്രം പൂർണമായും ഏറ്റെടുത്തു യാഥാർഥ്യമാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്നും ഇപ്രകാരം എൻഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കാൻ തയ്യാറാവണമെന്നും സഭയിൽ ആവശ്യപ്പെട്ടതായി എംപി കൂട്ടിച്ചേർത്തു.
#Endosulfan #RajmohanUnnithan #Snehagramam #Rehabilitation #GovernmentAction #Kasaragod