Disruption | കാസർകോട് കലക്ടറേറ്റിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടി; സർകാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രയാസത്തിൽ
ഓഗസ്റ്റ് ഒന്നിനുതന്നെ റെയിൽവേ ജീവനക്കാരെത്തി ടികറ്റ് റിസർവേഷനുള്ള സാമഗ്രികൾ കൊണ്ടുപോയിരുന്നു
കാസർകോട്: (KasargodVartha) സർകാർ ജീവനക്കാരും പൊതുജനങ്ങളും ആശ്രയിച്ചിരുന്ന കാസർകോട് കലക്ടറേറ്റിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു. കരാർ അവസാനിച്ചതിനെ തുടർന്നാണ് കൗണ്ടർ അടച്ചതെന്നാണ് വിവരം. സിവിൽ സ്റ്റേഷനിലെ ജീവനക്കാരും മറ്റ് സർകാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ കൗണ്ടർ വളരെ ആശ്രയിച്ചിരുന്നു.
കരാർ പുതുക്കുന്നതിനുള്ള അപേക്ഷ ജൂലൈ 30-ന് റെയിൽവേ അധികൃതർക്ക് നൽകിയിരുന്നെങ്കിലും, കരാർ അവസാനിക്കുന്നതിന് തൊട്ടുമുമ്പേ അപേക്ഷ നൽകിയത് കാരണം കൗണ്ടർ അടച്ചുപൂട്ടേണ്ടി വന്നു എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. നേരത്തെ തന്നെ കരാർ പുതുക്കൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നാണ് വിശദീകരണം.
ഓഗസ്റ്റ് ഒന്നിനുതന്നെ റെയിൽവേ ജീവനക്കാരെത്തി ടികറ്റ് റിസർവേഷനുള്ള സാമഗ്രികൾ കൊണ്ടുപോയിരുന്നു. റവന്യൂ വകുപ്പ് ജീവനക്കാരായിരുന്നു കൗണ്ടറിൽ ജോലി ചെയ്തിരുന്നത്. സാധാരണ റിസര്‍വേഷന് പുറമെ തത്കാല്‍ എ സി, നോണ്‍ എ സി ടികറ്റുകള്‍ക്കായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു.
സിവിൽ സ്റ്റേഷനിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മൂന്ന് മാസത്തോളമായി അവധിയിലായതിനാലും കരാർ പുതുക്കൽ നടപടികൾ വൈകാൻ ഇടയാക്കിയതായി ആക്ഷേപമുണ്ട്. കൗണ്ടർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ, കെജിഒഎ
അടക്കമുള്ള സർവീസ് സംഘടനകൾ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്