Railway | കാസർകോട് സ്വദേശിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത് ആർപിഎഫ് ഉദ്യോഗസ്ഥന്റെ ലാത്തികൊണ്ട് അടിയേറ്റാണെന്ന ആരോപണം തെറ്റെന്ന് റെയിൽവേ; സിസിടിവി ദൃശ്യങ്ങൾ തെളിവെന്നും വിശദീകരണം

● പരാതിക്കാരനെ മർദിച്ചിട്ടില്ലെന്ന് റെയിൽവേ.
● 'ആർപിഎഫ് ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ല'
● 'ആർപിഎഫ് ചെയ്തത് കൃത്യമായ ഡ്യൂട്ടി'
● 'യാത്രക്കാരിൽ നിന്നും പരാതികളില്ല'
കാസർകോട്: (KasargodVartha) മംഗ്ളുറു റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങിയ കാസർകോട് സ്വദേശിയായ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കാൽ റെയിൽവേ പൊലീസ് അടിച്ചുതകർത്തുവെന്ന ആരോപണം തെറ്റിദ്ധാരണാജനകമാണെന്ന് റെയിൽവേയുടെ വിശദീകരണം. ഇദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത് ആർപിഎഫ് ഉദ്യോഗസ്ഥന്റെ ലാത്തികൊണ്ട് അടിയേറ്റാണെന്ന ആരോപണം തെറ്റാണെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
നീലേശ്വരം അങ്കക്കളരിയിൽ പി വി സുരേശന്റെ (54) കാലാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നത്. തുടർന്ന് സുരേശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് ഗവ. റെയിൽവേ പൊലീസ് (ജിആർപി) കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. ഐപിസി 118 ബി വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി എടുക്കുകയും ചെയ്തു.
ഫെബ്രുവരി ഒന്നിലെ സിസിടിവി ദൃശ്യങ്ങളിൽ രാവിലെ 10:38 ന് ആർപിഎഫ് ജീവനക്കാർ സുരേഷിനെ ശ്രദ്ധിക്കുന്നത് കാണാം. തുടർന്ന് പുറത്തേക്ക് പോകാൻ ആർപിഎഫ് ഉദ്യോഗസ്ഥർ നിർദേശിക്കുകയും സുരേശൻ റെയിൽവേ ഫുഡ് പ്ലാസ റെസ്റ്റോറൻ്റിലൂടെ പുറത്തേക്ക് സ്വന്തമായി നടന്നുപോകുകയും ചെയ്തു. ആരെയും ബലമായി പിടിച്ചുമാറ്റുന്നതോ ആക്രമിക്കുന്നതോ ആയ സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നില്ല. ഈ ദൃശ്യങ്ങൾ ജിആർപിക്ക് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ പ്രസ്താവനയിൽ പറയുന്നു.
സുരേശൻ മദ്യപിച്ചും അവശനായും ഒരു ബെഞ്ചിൽ കിടക്കുകയായിരുന്നു. അവിടെ നിന്നും പോകാൻ ആവശ്യപ്പെട്ടപ്പോൾ, പ്രധാന പ്രവേശന കവാടത്തിലേക്ക് നടന്നുപോവുകയും ഫുഡ് പ്ലാസയിലൂടെ പുറത്തേക്ക് പോകാൻ ആർപിഎഫ് സഹായിക്കുകയും ചെയ്തു. ബലപ്രയോഗം നടത്തിയതായി മറ്റ് യാത്രക്കാരിൽ നിന്ന് റിപ്പോർട്ടുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ വിശദീകരിച്ചു.
സുരേശൻ അന്നുതന്നെ സർക്കാർ വെൻലോക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. കാൽ മുറിച്ചുമാറ്റിയത് ഈ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നു. പരാതിക്കാരനെ മർദിക്കുകയോ സ്റ്റേഷനിൽ നിന്ന് ബലമായി പുറത്താക്കുകയോ ചെയ്തതിന് യാതൊരു തെളിവുമില്ല. ആർപിഎഫ് ജീവനക്കാർ അവരുടെ കർത്തവ്യം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും റെയിൽവേ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
മംഗ്ളൂറിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേശൻ മിലിട്ടറി കാൻ്റീനിൽ കയറിയ ശേഷം സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രെയിൻ കാത്ത് സ്റ്റേഷൻ ബെഞ്ചിൽ കിടക്കുന്നതിനിടെ ഉറങ്ങിപ്പോവുകയും ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ലാത്തികൊണ്ട് കാലിൽ തുടരെ അടിക്കുകയായിരുന്നുവെന്നുമായിരുന്നു പരാതി. സംഭവം വിവാദമായതോടെയാണ് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Railway clarifies that the allegations of RPF assault leading to amputation in Mangalore are misleading. CCTV footage shows the individual walking out of the station on his own. The amputation is suspected to be related to his existing health conditions.
#RPF #Mangalore #Assault #Amputation #Railway