റേഷന്‍ കടയിലെ അരിയും സാധനങ്ങളും ഉടമയുടെ വീട്ടില്‍; സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ്
Feb 10, 2017, 11:00 IST
10 ക്വിന്റല്‍ അരിയും 20 ലിറ്റര്‍ മണ്ണെണ്ണയും പിടി കൂടി
ബന്തടുക്ക: (www.kasargodvartha.com 10/02/2017) റേഷന്‍ കടയിലൂടെ വില്‍പന നടത്തേണ്ട അരിയും സാധങ്ങളും ഉടമയുടെ വീട്ടില്‍ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ പി പി രമേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ കടയില്‍ നിന്നും കടത്തി കൊണ്ടു വന്ന സാധനങ്ങള്‍ കടയുടമയായ ബന്തടുക്കയിലെ ഷിബു തോമസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
10 ക്വിന്റല്‍ അരി, 270 ലിറ്റര്‍ മണ്ണെണ്ണ, 25 കിലോ പഞ്ചസാര, ഒരു ക്വിന്റല്‍ ഗോതമ്പ് തുടങ്ങിയ സാധനങ്ങള്‍ ഷിബു തോമസിന്റെ വീട്ടില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. റേഷന്‍ കടയോട് ചേര്‍ന്നുള്ള ഇരുനില വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പുമുറിയിലാണ് അരിയും മണ്ണെണ്ണയും അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്.
റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഷിബുവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ നിന്ന് കൃത്യമായി അരിയും മറ്റു സാധനങ്ങളും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. റേഷന്‍ കടയില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ രാത്രിയിലും പുലര്‍ച്ചയും വീട്ടിലേക്ക് മാറ്റി കരിഞ്ചന്തയില്‍ വില്‍പന നടത്തുകയാണെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
പരിശോധനയ്ക്കായി അധികൃതര്‍ എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ഷിബു തോമസും കുടുംബാംഗങ്ങളും മുന്‍വശത്തെ വാതില്‍ അടച്ചിട്ടതിന് ശേഷം സ്ഥലം വിടുകയാണുണ്ടായത്. അതേ സമയം വീടിന്റെ പിന്‍വശത്തെവാതില്‍ തുറന്നിട്ട നിലയിലായിരുന്നു.
ബേഡകം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ഷിബു തോമസിനെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുത്ത് ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Bandaduka, Kasaragod, Ration Shop, Ration Customers, Rice, House, Supply Officer, Complaint, Police, Case, Kerosene, Wheat, Sugar, Blackmarket, Raids, Special Squad, License, Raid in ration shop owner's house.