Rahul Mamkootathil | മനു തോമസിനെ പേടിച്ച് പി ജയരാജൻ മിണ്ടാതെ നിൽക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'സിപിഎമിലെ അപചയത്തിനെതിരെ പാർടി പ്രവർത്തകർ സ്വയം തിരുത്തൽ ശക്തിയായി രംഗത്ത് വരണം'
'കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യങ് ഇൻഡ്യ എന്ന പേരിൽ പ്രചാരണ പരിപാടി നടത്തും'
കാസർകോട്: (KasargodVartha) സിപിഎമിലെ അപചയത്തിനെതിരെ അവരുടെ പ്രവർത്തകർ സ്വയം തിരുത്തൽ ശക്തിയായി മാറണമെന്ന് യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് - സ്വർണം പൊട്ടിക്കൽ, ക്വടേഷൻ, മയക്കുമരുന്ന് ഇടപാട് തുടങ്ങിയ പ്രവർത്തനങ്ങളാണ് സിപിഎമിൽ ഇപ്പോൾ നടക്കുന്നത്. ആലപ്പുഴയിൽ പാർടി നേതാക്കൾക്ക് മയക്കുമരുന്ന് ഇടപാടുമായാണ് ബന്ധമെങ്കിൽ കണ്ണൂരിലെ പാർടി നേതാക്കൾക്ക് സ്വർണ കടത്തുമായും ക്വടേഷൻ സംഘവുമായാണ് ബന്ധമെന്നും രാഹുൽ ആരോപിച്ചു.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന മനു തോമസിനെ ഇനിയും പ്രകോപിപ്പിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും. ഇതുകൊണ്ടാണ് പി ജയരാജൻ മിണ്ടാതിരിക്കുന്നത്. കൂടെക്കിടന്നവനെ രാപ്പനി അറിയൂ. എങ്ങനെയാണ് ഒരു പാർടിക്ക് സ്വർണം പൊട്ടിക്കൽ മാഫിയയുമായി ബന്ധമുണ്ടാകുന്നത്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ മാഫിയ പ്രവർത്തിക്കുന്നു. സ്വർണം പൊട്ടിക്കൽ കമീഷനായി സംസ്ഥാന യുവജന കമീഷൻ മാറിയെന്നും ജൂലൈ ഒന്നിന് യുവജന കമീഷൻ ആസ്ഥാനത്തേക്ക് യൂത് കോൺഗ്രസ് മാർച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ തിരുത്തൽ ശക്തിയായി വളരണം. സിപിഎം തകർന്നാൽ ബിജെപി ശക്തിപ്പെടും. അങ്ങനെ സംഭവിക്കരുത്. പാർടിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ല. കോൺഗ്രസിലേക്ക് വരണമോയെന്ന് മനു തീരുമാനിക്കട്ടെയെന്നും ഭീഷണിയുള്ള മനുവിന് യൂത് കോൺഗ്രസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ല. തൻ്റെ പേരുകൾ ഉയര്‍ന്നുകേള്‍ക്കുന്നത് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയുടെ സ്വാധീനം തടയുന്നതിനും കേരളത്തിൽ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിനും യൂത് കോൺഗ്രസ് താഴെക്കിടയിലേക്ക് ഇറങ്ങി ചെന്ന് യുവാക്കളെ സംഘടിപ്പിക്കും. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യങ് ഇൻഡ്യ എന്ന പേരിൽ പ്രചാരണ പരിപാടി നടത്തും. ഇതിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട്ട് വൈകീട്ട് നാലു മണിക്ക് യൂത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് ബി വി ശ്രീനിവാസ് നിർവഹിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. പഞ്ചായത് തിരഞ്ഞടുപ്പിന് യുവാക്കളെ സജ്ജരാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ നേതാക്കളായ ജോമോൻ ജോസ്, കാർത്തികേയൻ, ലയണൽ മാത്യു എന്നിവരും സംബന്ധിച്ചു.