ബേക്കല്‍ കടപ്പുറത്തിന്റെ അഭിമാനമായി രാഹുല്‍ ദിലീപ്
Jun 11, 2012, 14:16 IST
ബേക്കല്‍: 'കടലിന്റെ മക്കളും മികവിന്റെ പാതയില്‍' എന്ന മുദ്രാവാക്യ മുയര്‍ത്തിപ്പിടിച്ച് ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്‌കൂളിന് ഇത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍.
ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ ദിലീപ് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലുസ് നേടി സ്‌കൂളിന്റെ യശസ്സ് ഒന്നുകൂടി ഉയര്‍ത്തിയിരിക്കുന്നു. തൊട്ടടുത്ത പൊതുവിദ്യാലയമായ ബേക്കല്‍ ഗവ:ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് രാഹുല്‍ ഉന്നത വിജയം നേടിയത് എന്നത് വിജയത്തിളക്കം വര്‍ധിപ്പിക്കുന്നു. പൊതുവിദ്യാലയങ്ങളെ അവഗണിച്ചുകൊണ്ട് അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് മക്കളെ അയയ്ക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് രാഹുലിന്റെ വിജയം.
ചിറമ്മലില്‍ താമസിക്കുന്ന ദിലീപിന്റെയും പ്രേമയുടെയും മകനാണ് രാഹുല്‍. സഹോദരി രഹന ദിലീപ് ബേക്കല്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിനിയാണ്. ബേക്കല്‍ ഗവ: ഫിഷറീസ് എല്‍.പി.സ്‌കൂളിലെ ഒരു പൂര്‍വവിദ്യാര്‍ഥി ഇത്രയും ഉയര്‍ന്ന വിജയം നേടുന്നത് ഇതാദ്യമാണ്.മറ്റു കുട്ടികള്‍ക്കു മാത്യ് കയായി മാറിയ രാഹുലിനെ അനുമോദിക്കന്‍ ബേക്കല്‍ ഗവ:ഫിഷറീസ് എല്‍.പി.സ്‌കൂളില്‍ പി.ടി.എ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് ശശികുമാര്‍, പ്രധാനാധ്യാപിക വത്സല, മദര്‍ പി.ടി.എ പ്രസിഡന്റ് നിഷ, ബി. രഘു, കെ. ശംഭു, മധുസൂദനന്‍ ചിറമ്മല്‍, കെ. നാരായണന്‍, സുമ കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ കമ്മറ്റിയുടെ വകയുള്ള ഉപഹാരം ബേക്കല്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ മൂത്തോതി ആയത്താര്‍ നല്‍കി. മുന്‍ ഹെഡ്മാസ്റ്റര്‍ കെ.നാരായണന്‍ സ്വന്തം വകയായി 500 രൂപയുടെ കാഷ് അവാര്‍ഡും നല്‍കി. പ്രധാനാധ്യാപിക വത്സല സ്വാഗതവും സീമ ടീച്ചര്‍ നന്ദിയും പറഞ്ഞു. അനുമോദനത്തിനു നന്ദി പറഞ്ഞു കൊണ്ട് രാഹുല്‍ സംസാരിച്ചു.
Keywords: Rahul Dileep, A+, Plus Two examination, Bekal, Fisheries school