റഫീഖിന്റെ മരണം: ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കി
Jun 17, 2012, 14:30 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ബദരിയ ഹൗസില്‍ പി.എം. അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് റഫീഖിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞിലിക്കുട്ടി എന്നിവര്‍ക്ക് തിരുവനന്തപുരത്ത് നേരിട്ട് കണ്ട് നിവേദനം നല്‍കി.
ഇക്കഴിഞ്ഞ എപ്രില്‍ 12 നാണ് റഫീഖിന്റെ മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മരണം കൊലപാതകമാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
![]() |
Rafeeq Nellikunnu |
നാട്ടില്‍ നിന്നും പോയി രണ്ടു ദിവസം കഴിഞ്ഞ് രാത്രി 12 മണിയോടെയാണ് റഫീഖ് മുംബൈയിലെത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന പോലീസ് കണ്ടെത്തിയത്. ഇതിനിടയില്‍ റഫീഖ് വീട്ടുകാരെയും ഗള്‍ഫുലുള്ള സഹോദരന്മാരെയും ബന്ധപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റഫീഖ് ബല്‍ത്തങ്ങാടി, ബാംഗ്ലൂര്‍ വഴിയാണ് മുംബൈയിലേക്ക് പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ റഫീഖിന് ബിസിനസ് സ്ഥലങ്ങളും ഉണ്ട്. ബാംഗ്ലൂരില്‍ നിന്ന് മണിക്കൂറുകളോളം റഫീഖ് മൊബൈല്‍ ഫോണില്‍ സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. അതിന് ശേഷം അതാത് സ്ഥലങ്ങളില്‍ നിന്ന് ലാന്റ് ഫോണില്‍ വീട്ടിലേക്ക് വിളിച്ചിരുന്നു.
മുംബൈയിലെത്തിയ ദിവസം തന്നെ റഫീഖിന് ഗള്‍ഫിലുള്ള സഹോദരന്‍ 5000 രൂപ ഒരാള്‍ മുഖാന്തിരം എത്തിച്ചുകൊടുത്തിരുന്നു. പത്തിന് വീണ്ടും വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ മുഖേന 5000 രൂപ അയച്ചുകൊടുത്തിരുന്നു. സഹോദരനുമായും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. വിസ കോപ്പി അയക്കാനായി റഫീഖ് മുംബൈയിലെ ഒരു ട്രാവല്‍സിന്റെ ഇമെയില്‍ വിലാസവും അയച്ചു കൊടുത്തിരുന്നു. അതുകൊണ്ട് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പോലീസ് പറയുന്ന ആത്മഹത്യ എന്ന നിഗമനം ശരിയല്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി നിവേദനത്തില്‍ പറയുന്നത്.
പത്തിന് ഉച്ചയ്ക്ക് 2.30 മണിക്ക് ശേഷം റഫീഖ് വീട്ടുകാരുമായോ സഹോദരന്മാരുമായോ ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് 12ന് രാവിലെയാണ് മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്ന് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുത്ത റഫീഖ് ഒരിക്കലും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുകയില്ലെന്നാണ് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറയുന്നത്.
മൃതദേഹത്തില്‍ ചെരുപ്പ് കാണാത്തതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ബിസിനസ് സംബന്ധമായ ചില ഇടപാടുകളും ബാധ്യതകളും ഉണ്ടായിരുന്നു. ഇവരായിരിക്കാം റഫീഖിന്റെ മരണത്തിന് പിന്നിലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. റഫീഖ് മുംബൈയില്‍ ആയിരുന്നപ്പോള്‍ സംശയിക്കപ്പെടുന്നവരും അവിടെയുണ്ടായിരുന്നു. ഇതിന് തെളിവ് നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമായി നടത്തിയിട്ടില്ല. അതുകൊണ്ട് കേസന്വേഷണം ഉന്നത തല ഏജന്‍സിയെ കൊണ്ട് നടത്തണമെന്നാണ് ആവശ്യം.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി.അഹമ്മദലി, ടി.ഇ. അബ്ദുല്ല, പി.എ. അഷ്‌റഫലി, ആര്‍.ഗംഗാധരന്‍, ജി.നാരായണന്‍, ഷാഫി നെല്ലിക്കുന്ന്, ടി.എം.എ. കരീം, എം.പി. അബൂബക്കര്‍, ഷെരീഫ് കളനാട് റഫീഖിന്റെ സഹോദരന്മാരായ ഹമീദ് ബദിരിയ്യ, നാസര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Keywords: Rafeeq Death case, Memmorandum, Oommenchandy, Kunhalikutty, Thiruvanjoor, Nellikunnu, Kasaragod