പുല്ലൂരില്‍ നിശാഗന്ധിയുടെ സൗരഭ്യം പരന്നൊഴുകി
Jul 1, 2012, 16:07 IST
കാഞ്ഞങ്ങാട്: രാത്രി മാത്രം പൂക്കുകയും രാവിലെയാകുമ്പോള്‍ വാടുകയും ചെയ്യുന്ന നിശാഗന്ധിയുടെ സൗരഭ്യം പുല്ലൂരില്‍ പരന്നൊഴുകി. പുല്ലൂരിലെ മേരിക്കുട്ടി ടീച്ചറുടെ വീട്ടിലാണ് അപൂര്‍വ്വമായ ഈകാഴ്ചയുണ്ടായത്. നിശാഗന്ധി എല്ലാ വര്‍ഷവും പൂക്കാറുണ്ടെങ്കിലും രാത്രി കാലത്തുമാത്രമാണ് ഇതിന്റെ ഭംഗിയും സുഗന്ധവും ആസ്വദിക്കാന്‍ കഴിയാറുള്ളത്. പരിശുദ്ധിയുടെ പര്യായമായാണ് നിശാഗന്ധിയെ വാഴ്ത്തുന്നത്. കേരള കാലാവസ്ഥയില്‍ വളരുന്ന ഈ ചെടി അനന്തശയനം എന്ന പേരിലാണ് മലബാറില്‍ അറിയിപ്പെടുന്നത്.
ഇംഗ്ലീഷുകാര്‍ നിശാഗന്ധിയെ ഡച്ച്മാന്‍സ് പൈപ്പ്, ക്യൂന്‍ ഓഫ് ദി നൈറ്റ് എന്നീ പേരുകളിലാണ് വിശേഷിപ്പിക്കുന്നത്. ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്‌കൃത നാമം. ഹിമാലയത്തില്‍ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരില്‍ അറിയപ്പെടുന്നുണ്ട്. കവികളുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ട പുഷ്പമാണിത്.
ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വര്‍ണ്ണത്തിലുള്ള പുഷ്പങ്ങളാണ് നിശാഗന്ധിയുടെ മുഖ്യാകര്‍ഷണം. ഇന്ത്യയില്‍ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്‌സിക്കോ, വെനിസുല, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നുണ്ട്. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളര്‍ത്തപ്പെടുന്നുണ്ട്.
കള്ളിമുള്‍ചെടികളുള്‍പ്പെടുന്ന കാക്‌റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്‌സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി. നിശാഗന്ധി പൂത്ത വിവരം വീട്ടുകാര്‍ അയല്‍പ്പക്കത്തുള്ളവരെയും വിളിച്ചുണര്‍ത്തി അറിയിച്ചു.
Keywords: Queen of the night flower, Pullur, Kasaragod