city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി: ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഈയത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും പണ്ഡിതനുമായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച അന്തിമ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു.

ഖാസി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് റിപോര്‍ട്ടില്‍ ഉടനീളമുള്ളത്. അതുകൊണ്ട് തന്നെ റിപോര്‍ട്ടിനെതിരെയും സി.ബി.ഐക്കെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ദീര്‍ഘ നാളത്തെ അന്വേഷണത്തിന് ശേഷം സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അഡീഷണല്‍ എസ്.പി നന്ദകുമാര്‍ നായരാണ് അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചത്.

ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മരണം സംബന്ധിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങളും സംശയങ്ങളും ഉയര്‍ന്നിരുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ആരോപിക്കുകയും ആവഴിക്കുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരമ്പരകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതാണ് സി.ബി.ഐയുടെ റിപോര്‍ട്ട്.

അര്‍ബുദ രോഗവും കടുത്ത ശാരീരിക അവശതകളും മൂലം ഖാസി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിരീക്ഷിക്കുന്ന റിപോര്‍ട്ടില്‍ അത് സ്ഥിരീകരിക്കാന്‍ വിവിധ കാരണങ്ങളും നിരത്തുന്നു. സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ അദ്ദേഹം തീര്‍ത്തു എന്നതാണ് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിച്ച കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. വാഹന വായ്പയായി ബാങ്കില്‍ നിന്നെടുത്ത തുക അടച്ച് തീര്‍ത്തിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചെമ്പരിക്ക പള്ളിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വളരെയധികം ദുഃഖിതനായി കാണപ്പെട്ടതായും പരിപാടി തീരുന്നതിന് മുമ്പേ മടങ്ങിയതായും റിപോര്‍ട്ടിലുണ്ട്.

മരണത്തിന് തലേന്നാള്‍ പിതാവിന്റെ ഖബറിടം ഖാസി സന്ദര്‍ശിച്ചിരുന്നു. അന്ന് തന്നെ ഒരു ബന്ധുവിന്റെ വീടും സന്ദര്‍ശിച്ചു. വളരെ മൂകനായാണ് ഖാസിയെ അന്ന് കാണപ്പെട്ടത് എന്ന കാര്യവും റിപോര്‍ട്ടില്‍ പറയുന്നു. വീട് പൂട്ടുന്നതിന് പുതിയ പൂട്ട് വാങ്ങിയതും മരണത്തിന് തൊട്ട് മുമ്പുള്ള ദിവസം ഖാസി ഉറക്കമില്ലാതെ കിടന്നുവെന്ന ഭാര്യ ആഇശ നൽകിയതായുള്ള  മൊഴി, ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്നുവെന്ന നിഗമനവും സി.ബി.ഐയുടെ റിപോര്‍ട്ടിലുണ്ട്. 

സ്വകാര്യമായോ, ഓഫീസ് സംബന്ധമായോ ഖാസിക്ക് ആരുമായും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളോ, തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ല. 77 വയസുള്ള രോഗിയായ ഖാസി എങ്ങിനെ കടല്‍ക്കര വരെ നടന്നുപോയി എന്നതും കടുക്കക്കല്ലിന് മുകളില്‍ കയറി ചെരിപ്പും കുടയും വടിയും ടോര്‍ച്ചും അവിടെ വെച്ചുവെന്ന സംശയത്തെയും റിപോര്‍ട്ടില്‍ നിരാകരിക്കുന്നു. പള്ളിക്ക് സമീപത്ത് പിതാവിന്റെ ഖബറിടത്തിലേക്ക് 35 പടവുകള്‍ കയറി പ്രാര്‍ത്ഥിക്കാന്‍ ചെന്ന ഖാസിക്ക് കടല്‍ത്തീരം വരെ നടക്കാന്‍ കഴിയുമെന്നാണ് സി.ബി.ഐ വാദിക്കുന്നത്.

ഖാസി എഴുതാനിരിക്കുന്ന മുറിയില്‍ ഒരു തലയണ ഉണ്ടായിരുന്നുവെന്നും അതിനടിയില്‍ ആത്മഹത്യാ കുറിപ്പ് വെച്ചിരിക്കാമെന്നും അത് ബന്ധുക്കള്‍ എടുത്ത് മാറ്റിയതാവാമെന്നും സി.ബി.ഐ ആരോപിക്കുന്നു. അതേസമയം ഖാസിയുടെ കുടയും ചെരിപ്പും പാറക്കെട്ടുകള്‍ക്ക് മുകളില്‍ കണ്ടതും ശക്തമായ വേലിയേറ്റം ഉണ്ടായ സമയത്തും അത് ഒഴുകി പോകാതിരുന്നതും നനയാതിരുന്നതും എന്ത് കൊണ്ടാണെന്ന ബന്ധുക്കളുടെ സംശയത്തിന് വ്യക്തമായ മറുപടി സി.ബി.ഐ നല്‍കിയിട്ടില്ല.

വെള്ളം ഉള്ളില്‍ ചെന്ന് മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. അതേസമയം ശരീരത്തില്‍ മുറിവുകളുണ്ടായ കാര്യവും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് പാറക്കെട്ടുകളില്‍ നിന്ന് ഉണ്ടായതാവാമെന്ന് സി.ബി.ഐ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ആത്മഹത്യാ സാധ്യതയ്ക്ക് അടിവരയിടുന്നതാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരവധി പേരെ ചോദ്യം ചെയ്യുകയും ഒമ്പത് കര്‍ണാടക സ്വദശികളെയടക്കം 18 പേരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന ഒരു വിവരവും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഇതാണ് മരണം ആത്മഹത്യയാണോ എന്നനിലയിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം. കടല്‍ തീരത്തേക്ക് വാന നിരീക്ഷണത്തിന് പോയപ്പോള്‍ അപകടത്തില്‍ പെട്ട് ഖാസി മരണപ്പെട്ടതാണോ എന്ന് ആദ്യം അന്വേഷണ സംഘം പരിശോധിച്ചിരുന്നുവെങ്കിലും സി.ബി.ഐയുടെ റിപോര്‍ട്ടില്‍ അക്കാര്യത്തെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല.

റിപോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും സി.ജെ.എം വി. ഹരിനായര്‍ അതിന്‍മേലുള്ള മറ്റു നടപടികളിലേക്ക് നീങ്ങുക. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ റിപോര്‍ട്ടെന്ന് ഖാസിയുടെ ബന്ധുക്കളും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും ആരോപിക്കുന്നു. അന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി ഖാസിയുടെ മകന്‍ ശാഫി, മകളുടെ ഭര്‍ത്താവ് മുഹമ്മദ് ശാഫി, ഖാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ നിലവിലിരിക്കെയാണ് സി.ബി.ഐ അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചത് എന്നതും എടുത്ത് പറയേണ്ട സംഗതികളാണ്.

ഖാസിയുടെ മരണം കൊലപാതകമല്ലെന്ന് കണ്ടെത്തുന്ന സി.ബി.ഐ എന്തുകൊണ്ട് മരണം അപകട മരണമായിരിക്കൂടാ എന്നത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തിയില്ലെന്നും കൊലപാതകമല്ലെങ്കില്‍ ആത്മഹത്യ തന്നെയാണെന്ന് സ്ഥാപിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം നടത്തിയതെന്നും ഖാസിയെ സ്‌നേഹിക്കുന്നവര്‍ പറയുന്നു. മംഗലാപുരത്തെ ഖാസി സ്ഥാനവും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഉള്‍പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെയും വിവിധ ജമാഅത്തുകളുടെയും ഉത്തരവാദിത്വവും തിരക്കും കാരണം ഖാസിയാകട്ടെ പരിപാടികളില്‍ ചെന്നാല്‍ കൂടുതല്‍ സമയം ചിലവഴിക്കാറില്ല. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി തന്നെ സമീപിച്ച് വീട്ടിലെത്തുന്നവരെയും മറ്റും നിരാശപ്പെടുത്താതിരിക്കാന്‍ സമയംപാലിച്ച് പ്രത്യേകം ശ്രദ്ധിക്കുന്ന ഖാസിയുടെ സമയനിഷ്ഠയെ ആത്മഹത്യയ്ക്കുള്ള കാരണമാക്കി ചിത്രീകരിച്ച സി.ബി.ഐയുടെ നടപടിയെ വിചിത്രമെന്നാണ് പലരും വിശേഷിപ്പിച്ചത്. 

കടബാധ്യതകള്‍ തീര്‍ക്കുകയും ഏത് സമയത്തും മരണത്തെ പ്രതീക്ഷിക്കുകയും അതിന് തയ്യാറെടുത്തു നില്‍ക്കുകയും ചെയ്യുന്നത് ഉത്തമ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന കൃത്യതയെയും തയ്യാറെടുപ്പുകളെയും തെറ്റിദ്ധരിപ്പിക്കാനാണ് സി.ബി.ഐ ശ്രമിച്ചത് എന്നും ആക്ഷേപമുണ്ട്.

ഇപ്പോഴത്തെ റിപോര്‍ട്ട് വാസ്തവ വിരുദ്ധവും എസ്.പി നന്ദകുമാരന്‍ നായരുടെ ഭാവനാ പത്രവും ആണെന്നാണ് എസ്.കെ എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും ആരോപിക്കുന്നത്. 

മതപണ്ഡിതനും അനുയായികളെ നേര്‍വഴിക്ക് നയിക്കാന്‍ നിയുക്തനുമായ ഖാസി സി.എം അബ്ദുല്ല മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന കാര്യം പകല്‍വെളിച്ചം പോലെ സത്യമായിരിക്കെ അത് ആത്മഹത്യയാണെന്ന് സ്ഥാപിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ തിടുക്കം വന്‍പ്രതിഷേധത്തിനും വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.

Also Read: 
ഡല്‍ഹിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 4 ഭൂചലനങ്ങള്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍
Keywords : Kochi, Qazi death, CBI, Investigation, Report, SKSSF, Kasaragod, Kerala, Protest, Qazi CM Abdulla Maulavi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia