അജ്മലിന്റെ മരണം: കര്‍ണ്ണാടക പോലീസ് തിരയുന്ന വിദ്യാര്‍ത്ഥി പുല്ലൂര്‍ സ്വദേശി
Apr 9, 2012, 16:21 IST
![]() |
Ajmal |
പുല്ലൂരിനടുത്ത തടത്തില്‍ കരിങ്കല്‍ ക്വാറിക്കടുത്ത് താമസിക്കുന്ന ലോറി ഉടമ കെ സി ടി അച്യുതന്റെ മകന്‍ അനുരാഗിനെയാണ് തിരിച്ചറിഞ്ഞത്. ഇതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് അനുരാഗെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി യുവാവ് കോളേജിലേക്ക് ചെല്ലാറില്ലെന്നാണ് പുറത്ത് വന്ന പുതിയ വിവരം. അജ്മലിന്റെ മരണത്തിന് ശേഷം അനുരാഗ് ഒളിവില്‍ പോയി. സംഭവത്തിന് ശേഷം പുല്ലൂര്‍ തടത്തിലെ സ്വന്തം വീട്ടിലോ അടുത്ത കുടുംബ ബന്ധങ്ങളുള്ള അജാനൂര്‍ കിഴക്കുംകരയിലോ മടിക്കൈയിലോ ഉള്ള വീടുകളില്‍ അനുരാഗ് എത്തിയിട്ടില്ലെന്നാണ് വിവരം.
ബാംഗ്ളൂര്‍ അസിസ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അനുരാഗിനെയും ഈ സംഭവത്തില്‍ ഉള്‍പ്പെട്ട സച്ചിന്‍ എന്ന സീനിയര്‍ വിദ്യാര്‍ത്ഥിയെയും പിടികൂടാനുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പുല്ലൂര്‍ ഉദയ നഗര്‍ ഹൈസ്കൂളില്‍ പത്താംതരം പൂര്‍ത്തിയാക്കിയ അനുരാഗ് പ്ളസ്ടു പഠനത്തിന് ശേഷം ബാംഗ്ളൂരില്‍ ഇതേ കോളേജില്‍ എഞ്ചിനീയറിംങിന് ചേരുകയായിരുന്നു. നാട്ടില്‍ നിന്ന് ധാരാളം പണം അയച്ച് കൊടുത്തതിനാല്‍ അനുരാഗ് അവിടെ ആഢംബര ജീവിതമാണ് നയിച്ച് വന്നിരുന്നത്. വഴിവിട്ട ഒരുപാട് കാര്യങ്ങള്‍ക്ക് ഒരു സംഘത്തോടൊപ്പം അനുരാഗും ബാംഗ്ളൂരിലെ കോളേജ് ക്യാമ്പസ്സില്‍ കൂട്ടുനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പല ക്രിമിനലുകളുമായി അനുരാഗിന് ബന്ധമുണ്ടെന്ന് കര്‍ണ്ണാടക പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ അജ്മല്‍ മാര്‍ച്ച് 29 ന് അര്‍ദ്ധരാത്രിയോടെയാണ് ബാംഗ്ളൂര്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. അജ്മല്‍ മരിച്ചതിന് തൊട്ടുപിന്നാലെ സീനിയര്‍ വിദ്യാര്‍ത്ഥി എറണാകുളം സ്വദേശി സൈമണിനെ കസ്റഡിയിലെടുത്തിരുന്നു. അനുരാഗും സച്ചിനും ഈ സമയം മുങ്ങി. സൈമണിനെ ജുവൈനല്‍ ഹോമിലയച്ചുവെന്നാണ് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അശോക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സൈമണിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്താണെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന വേളയില്‍ അജ്മല്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും കോളേജില്‍ തനിക്ക് നേരെ നടന്ന റാഗിംങിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. കുളിമുറിയില്‍ കുളിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ മേല്‍ക്കൂരക്കിടയിലൂടെ അജ്മലിന്റെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ അജ്മല്‍ വധക്കേസ് അട്ടിമറിക്കാന്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ച് വന്‍ ലോബി രംഗത്തിറങ്ങിയതായി പറയപ്പെടുന്നു. കര്‍ണ്ണാടകയിലെ പ്രമുഖരുടെ ഉടമസ്ഥയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ക്രൂരമായ റാഗിംങ് കൊല കോളേജിന് വരുത്തിവെക്കാവുന്ന പേര് ദോഷം ഒഴിവാക്കാന്‍ സംഭവം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമം തന്നെ നടന്ന് വരുന്നുണ്ട്.
അജ്മല്‍ കൊല്ലപ്പെടുന്നത് കുളിമുറിയില്‍ കുളിച്ച് കൊണ്ടിരിക്കെയാണ്. മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊടുക്കുന്നയാള്‍ സ്വന്തം ശരീരത്തില്‍ ആദ്യം തന്നെ വെള്ളം ഒഴിക്കുമോ എന്ന ചോദ്യത്തിന് കര്‍ണ്ണാടക പോലീസിന് ഉത്തരമില്ല. അജ്മല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നേരിട്ട ക്രൂരമായ പീഡനങ്ങളും മരണപ്പെടുന്ന സമയത്ത് നടന്ന നിര്‍ണ്ണായക റാഗിംങ് വിവരങ്ങളും മരണാസന്നനായി ആശുപത്രിയില്‍ കിടക്കവെ അജ്മല്‍ വെളിപ്പെടുത്തുകയും അടുത്ത ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥി ഇത് മുഴുവന്‍ മൊബൈല്‍ ചിപ്പില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. നിര്‍ണ്ണായകമായ ഈ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടും പ്രതികളെ പിടികൂടാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.
അജ്മലിനെ റാഗ് ചെയ്ത മൂവര്‍ സംഘത്തിലൊരാള്‍ കാഞ്ഞങ്ങാട്ടുകാരനാണെന്ന് വിവരം ലഭിച്ചിട്ടും ഈ വിദ്യാര്‍ത്ഥിയുടെ വിവരം ചോര്‍ന്നു പോകാതെ കാഞ്ഞങ്ങാട്ടെ പോലീസ് ശക്തമായ ഇരുമ്പ് മറകെട്ടിയതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. കര്‍ണ്ണാടക പോലീസ് രണ്ട് തവണ കാഞ്ഞങ്ങാട്ടെത്തി അനുരാഗിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തതും രഹസ്യമാക്കി വെക്കാന്‍ പോലീസ് കേന്ദ്രങ്ങള്‍ വല്ലാതെ പണിപ്പെട്ടു. പെറ്റിക്കേസുകളിലെ പ്രതികളെ പോലും പിടികൂടിയാല്‍ പത്ര സമ്മേളനം നടത്തി ഫോട്ടോ പ്രദര്‍ശിപ്പിക്കുന്ന പോലീസ് മേധാവികള്‍ രണ്ട് സംസ്ഥാനങ്ങളിലും വന്‍ ചര്‍ച്ചയായ പ്രമാദമായ കേസിലുള്‍പ്പെട്ടയാളെ രഹസ്യമാക്കി വെക്കാന്‍ വല്ലാതെ പാടുപെട്ടതിന്റെ പിന്നിലെ രഹസ്യങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്നുറപ്പ്.
Keywords: Ajmal's death, Bangalore, Pullur native student, Accuse,Kasaragod