Book Launch | പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ആത്മകഥ പ്രകാശനവും അനുസ്മരണ സംഗമവും ശനിയാഴ്ച
എഴുത്തുകാരനും വാഗ്മിയുമായ കെ ഇ എൻ കുഞ്ഞഹമ്മദാണ് പ്രകാശന കർമം നിർവഹിക്കുന്നത്.
കാസർകോട്: (KasargodVartha) കോലായ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ആത്മകഥ 'ഓർമകളുടെ പുഴയോരം' ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് കാസർകോട് മുനിസിപൽ കോൺഫറൻസ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ വിമർശകനും, കോളമിസ്റ്റും, അധ്യാപകനും, ഗവേഷകനും, പ്രഭാഷകനും, ചിന്തകനുമായി തിളങ്ങിയ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ഒന്നാം ചരമ വാർഷിക ദിനമായ അന്ന് അനുസ്മരണ സംഗമവും സംഘടിപ്പിക്കും.
ആത്മകഥ പുസ്തകത്തിൻ്റെ മുഖ്യ രക്ഷാധികാരിയും എംപിയുമായ ഇ ടി മുഹമ്മദ് ബശീർ സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും വാഗ്മിയുമായ കെ ഇ എൻ കുഞ്ഞഹമ്മദാണ് പ്രകാശന കർമം നിർവഹിക്കുന്നത്. ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എം ലുക്മാനുൽ ഹകീം തളങ്കര പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരനും കഥാകൃത്തുമായ ശിഹാബുദ്ദീൻ പൊയ്ത്തും കടവാണ് അധ്യക്ഷത വഹിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റർ ഡോ. സന്തോഷ് പനയാൽ ആണ്.
എംഎൽഎ മാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എകെഎം അശ്റഫ്, ഉദുമ മണ്ഡലം മുൻ എംഎൽഎയും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ കെ വി കുഞ്ഞിരാമൻ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ സാഹിത്യ മേഖലകളിൽ നിന്നും നിരവധി പേർ പരിപാടിയിൽ സംബന്ധിക്കും.
പുസ്തകത്തിൻ്റെ ഭൂരിഭാഗം കോപ്പികളും കേരളത്തിലെ ലൈബ്രറികളിലേക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളം, കൺവീനർ സ്കാനിയ ബെദിര, രചന അബ്ബാസ്, ശബാന, റിസ് വാന, ഹസൈനാർ തോട്ടുംഭാഗം, അബു പാണലം എന്നിവർ സംബന്ധിച്ചു.