Negligence | കെ എസ് ടി പി റോഡ്: കുഴിമൂടാൻ നടപടിയില്ല, പാലത്തിന് പെയിന്റടി!
![Authorities painting the Kotteruvam bridge while the Chandragiri KSTP road](https://www.kasargodvartha.com/static/c1e/client/114096/uploaded/f9ee1049d6b34b7308d4309947b130c2.jpg?width=823&height=463&resizemode=4)
● ചന്ദ്രഗിരി കെഎസ്ടിപി റോഡിലെ കുഴികൾ യാത്ര ദുഷ്കരമാക്കുന്നു.
● കാലവർഷത്തിൽ റോഡ് പൂർണമായി തകർന്നു.
● മഴ മാറിയിട്ടും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല.
● റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു.
കാസർകോട്: (KasargodVartha) ചന്ദ്രഗിരി വഴിയുള്ള കെ എസ് ടി പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇതുവരെ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. കാലവർഷത്തിൽ തകർന്ന റോഡ് മഴ വഴി മാറിയിട്ടും നന്നാക്കാത്തത് യാത്രാദുരിതത്തിന് കാരണമാവുന്നുവെന്നാണ് ആക്ഷേപം. കെ എസ് ടി പി റോഡിൽ പലഭാഗങ്ങളിലായി വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
മഴ മാറിയാൽ നന്നാക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുമ്പോൾ തന്നെ കുഴിയിൽ വീണ് മരണത്തിന് കാത്തിരിക്കുകയാണോ അധികൃതർ എന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് തകർന്ന് കിടക്കുമ്പോഴും കോട്ടരുവം പാലത്തിന് പെയിന്റടിക്കുന്ന അധികൃതരുടെ നടപടി ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാലത്തിലേക്കുള്ള വഴികളിലെ കുഴികൾ അടയ്ക്കാതെ കൈവരികൾക്ക് പെയിന്റടിക്കുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പാലത്തിലേക്ക് കയറുന്നിടത്തും, പാലം കഴിയുന്നയിടത്തുമുള്ള കുഴികൾ ഒന്നും അടച്ചിട്ടില്ല. അതേസമയം കൈവരികൾക്കാണ് പെയിന്റ് അടിക്കുന്നത്. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
കളനാട് പള്ളിക്ക് മുന്നിൽ അദാനി ഗ്രൂപിന്റെ ഗ്യാസ് പൈപ് ലൈനിന് വേണ്ടി റോഡ് കുഴിച്ചപ്പോൾ ഉണ്ടായ പ്രശ്നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു വർഷം കഴിഞ്ഞിട്ടും കുഴി നേരാംവണ്ണം മൂടാത്തതിനാൽ യാത്രാദുരിതം രൂക്ഷമാണ്. നാട്ടുകാരാണ് താൽക്കാലികമായി മണ്ണിട്ട് കുഴി മൂടിയത്. റോഡ് ഇപ്പോഴും പൊങ്ങിക്കിടക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
അതിനിടെ കുഴിയിൽ വീഴുന്ന ചെറുവാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ ഏറി വരുന്നത് വലിയ ബാധ്യതയാകുന്നുമുണ്ട്. വാഹനം നിരത്തിലിറക്കുമ്പോൾ തന്നെ വാഹന നികുതിയെന്ന പേരിൽ വലിയ തുക ഓരോ വാഹന ഉടമകളിൽ നിന്നും സർകാർ ഈടാക്കുന്നുണ്ട്. എന്നാൽ, ഈ നികുതിപ്പണം റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വേണ്ടവിധം ഉപയോഗിക്കുന്നില്ല. റോഡുകളാകട്ടെ കുണ്ടും കുഴിയും അപകടവും നിറഞ്ഞതാണ്.
നല്ല റോഡുകൾ എന്നത് പൗരന്മാരുടെ അവകാശമാണ്. റോഡ് നികുതി അടയ്ക്കുന്ന ഓരോ പൗരനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. റോഡുകളുടെ ശോചനീയ അവസ്ഥ കാരണം ഈ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് വാഹന ഉടമകൾ. അതുപോലെ കുഴിയിൽ വീണ് നടുവൊടിയുന്ന യാത്രക്കാരുടെ പരാതി വേറെയുമുണ്ട്.
#Chandragiri #KSTPRoad #RoadDamage #PublicProtest #Kasaragod #KeralaRoads