Construction Issues | 'നടപ്പാത നിർമാണത്തിനിടെ കേബിൾ കുഴി തോണ്ടൽ’: ദേശീയപാതയിൽ യാത്രക്കാർ പ്രതിഷേധത്തിൽ
● നടപ്പാത നിർമ്മാണം കഴിയാതെ കേബിൾ കുഴി തോണ്ടലിന് തുടക്കമായി.
● ഇതുവഴി കാൽനടയാത്രക്കാരും വിദ്യാർത്ഥികളുമാണ് വലിയ ബുദ്ധിമുട്ടിൽ.
മൊഗ്രാൽ: (KasargodVartha) നാട്ടിലെ ഒരു പദ്ധതിക്കും ദീർഘവീക്ഷണമില്ലെന്ന് പൊതുജനം വെറുതെ പറയുകയല്ല. തോന്നുമ്പോൾ തോന്നുന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ദുരിതകരമായി തുടരുന്നു. നടപ്പാത നിർമാണം പൂർത്തിയാക്കാതെ തന്നെ കേബിൾ സ്ഥാപിക്കാനുള്ള കുഴി തോണ്ടൽ ആരംഭിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
സർവീസ് റോഡിലെ ഓവുചാലുകളുടെ പണി പൂർത്തിയാക്കി നടപ്പാത നിർമാണം ആരംഭിക്കാനിരിക്കെയാണ് കേബിൾ സ്ഥാപിക്കാനുള്ള കുഴി തോണ്ടൽ ആരംഭിച്ചത്. ജെസിബി ഉപയോഗിച്ചുള്ള ഈ നിർമാണ പ്രവർത്തനം മൂലം വിദ്യാർത്ഥികളുൾപ്പെടെയുള്ള, കാൽനടയാത്രക്കാരും വലിയ ബുദ്ധിമുട്ട് നേരിടുന്നു.
നേരത്തെ തന്നെ ദേശീയപാതയിൽ നടപ്പാത നിർമാണം വൈകുന്നതിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഹൈക്കോടതി പോലും നടപ്പാതയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലാണ് കേബിൾ സ്ഥാപിക്കാനുള്ള തീരുമാനം. ഇതിനിടയിൽ വിവിധ ഭാഗങ്ങളിൽ നടപ്പാത നിർമാണത്തിനായുള്ള ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിനായി സ്ഥലമൊക്കെ നിരപ്പാക്കി തുടങ്ങിയിരുന്നു. ഈ സ്ഥലമാണ് ഇപ്പോൾ കേബിൾ സ്ഥാപിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത്. ഇതൊക്കെ വളരെ നേരത്തെ ചെയ്തുതീർക്കേണ്ട പ്രവൃത്തി ആയിരുന്നു. കേബിൾ സ്ഥാപിച്ചാൽ കുഴി മൂടുന്നതാകട്ടെ പേരിന് മാത്രം. ബാക്കി ദേശീയപാത നിർമാണ കമ്പനി പൂർത്തികരിച്ചോളും എന്ന ഭാവവും. ഇത് നടപ്പാത നിർമാണത്തിന് തടസ്സമാകുന്നതോടൊപ്പം യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
നാട്ടുകാരും വിദ്യാർത്ഥികളും പറയുന്നത് ഇത്തരം പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യേണ്ടതായിരുന്നു എന്നാണ്. കുഴിയെടുത്ത ഭാഗത്തും, മൂടിയ ഭാഗത്തും ഇപ്പോൾ ചെളിയായി നിൽക്കുന്നതും കാൽനട യാത്രക്കാക്ക് ദുരിതമായിട്ടുണ്ട്.
#Mogral #FootpathConstruction #PublicProtest #InfrastructureIssues #NationalHighway #PedestrianSafety