Underpass | നുള്ളിപ്പാടിയിൽ അടിപ്പാത വേണം; വീണ്ടും സമരരംഗത്തിറങ്ങി പ്രദേശവാസികൾ
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
കാസർകോട്: (KasargodVartha) ദേശീയപാതയിൽ നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വീണ്ടും സമരരംഗത്തിറങ്ങി. ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും തീരുമാനമാകാതെ വന്നപ്പോഴാണ് ദേശീയപാതയുടെ നിർമാണം നിർത്തിവെപ്പിച്ച് സമരസമിതി മൂന്നാം ഘട്ട പ്രക്ഷോഭം ആരംഭിച്ചത്.
ചെന്നിക്കര, നുള്ളിപ്പാടി, നേതാജി ഹൗസിങ് കോളനി, സുരഭി ഹൗസിങ് കോളനി, ജെ പി ഹൗസിങ് കോളനി, തളങ്കര ക്ലസ്റ്റർ, ബദിബാഗിലു, കോട്ടക്കണ്ണി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളും വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുണ്ട്. അടിപ്പാതയില്ലെങ്കിൽ ജീവിതം പ്രയാസകരമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ നുള്ളിപ്പാടിയിലെ ചെന്നിക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അണങ്കൂരിലെത്തി അവിടെയുള്ള അടിപ്പാതയിലൂടെ ചുറ്റിയും അണങ്കൂർ ഭാഗത്ത് നിന്ന് കോട്ടക്കണ്ണി ഭാഗത്തേക്കു പോകേണ്ടവർക്ക് പുതിയ ബസ് സ്റ്റാൻഡിലെത്തിയുമാണ് യാത്ര ചെയ്യാനാവുക.
നാടിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാണ് പ്രവൃത്തി തുടരുന്നതെന്നാണ് ആക്ഷേപം.
ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ച് നിന്നാൽ ശക്തമായ സമര പരിവാടികളുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി ഭാരവാഹികൾ വ്യക്തമാക്കി. കർമസമിതി ഭാരവാഹികളായ പി രമേശ്, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണ്ണി, എം ലളിത, ശാരദ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.