മിനുട്‌സ് ബുക്ക് കീറിയതിനെചൊല്ലി കാസര്‍കോട് നഗരസഭയില്‍ ബഹളം; ചെയര്‍പേഴ്‌സനെ ബി ജെ പി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു
Jan 6, 2017, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2017) മിനുട്‌സ് ബുക്ക് കീറിയതിനെ ചൊല്ലി കാസര്‍കോട് നഗരസഭയില്‍ കയ്യാങ്കളിയും ബഹളവും. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നഗരസഭാചെയര്‍പേഴ്‌സന്റെ ചേംബറിനടുത്തുവെച്ചാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. തര്‍ക്കം മുറുകിയതോടെ പ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങി. ബി ജെ പി കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ ഉപരോധിച്ചു.
നഗരസഭയുടെ ഭവനപുനരുദ്ധാരണപദ്ധതിയുടെ മറവില്‍ അഴിമതി നടന്നുവെന്നാരോപിച്ച് ബി ജെ പി പ്രതിഷേധവും സമരവും സംഘടിപ്പിച്ചുവരികയാണ്. ഈയിടെ നടന്ന നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ ഉപരോധിച്ചിരുന്നു. ഇതിനിടയില്‍ മിനുട്‌സ് ബുക്ക് കീറുകയും ചെയ്തുവെന്നാണ് പരാതി.
ഭരണപക്ഷ അംഗങ്ങള്‍ ബി ജെ പി കൗണ്‍സിലര്‍മാരെ തടഞ്ഞതോടെ കയ്യാങ്കളിയുണ്ടാവുകയും പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയും കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കാനാകാതെ അന്ന് പിരിയുകയുമാണുണ്ടായത്. അന്നുണ്ടായ പ്രശ്‌നത്തിന് സമാനമാണ് വെള്ളിയാഴ്ചയും നഗരസഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മിനുട്‌സ് ബുക്ക് കീറിയത് ആരാണെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം.
യു ഡി എഫ് അംഗങ്ങളാണ് ബുക്ക് കീറിയതെന്ന് ബി ജെ പി ആരോപിക്കുന്നു. എന്നാല്‍ ബി ജെ പിയാണ് ബുക്ക് കീറിയതെന്നാണ് യു ഡി എഫിന്റെ ആരോപണം. ബുക്ക് കീറുന്നതിന്റെ ദൃശ്യങ്ങള്‍ നഗരസഭയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും യഥാര്‍ഥ ഉത്തരവാദികളെ ആ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും യു ഡി എഫ് ചൂണ്ടിക്കാട്ടി. വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ചെയര്‍പേഴ്‌സന്റെ ചേംബര്‍ ബി ജെ പി അംഗങ്ങള്‍ വളഞ്ഞത്.
എന്നാല്‍ ഭരണപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്‌സന് വേണ്ടി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഇതോടെ ഇപ്പോള്‍ തങ്ങള്‍ പോകുകയാണെന്നും പ്രതിഷേധം ഇനിയും തുടരുമെന്നും അറിയിച്ച ശേഷം ബി ജെ പി അംഗങ്ങള്‍ പിരിഞ്ഞുപോയി.
വീഡിയോ കാണാം
Keywords: Kasaragod, BJP, UDF, CCTV, Beefathima Ibraheem, Councillor, Corporation, Minutes Book, Protest, Protest BJP councillors blocked Kasaragod municipality chairperson.