Protest | 'പെരിയാട്ടടുക്കം ചെരുമ്പയിൽ ദേശീയപാതയിലെ കോൺക്രീറ്റ് മതിൽ മൂലം വഴിയടഞ്ഞു'; നിരാഹാര സമര പ്രഖ്യാപന കൺവെൻഷൻ 10ന്
● രണ്ടു വർഷമായി നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.
● അധികൃതർ നടപടിയെടുക്കാത്തതിൽ നിരാഹാര സമരം.
● നടപ്പാതയുടെ ആവശ്യകത ഉന്നയിച്ച് സമരങ്ങൾ നടത്തി.
● നിരവധി പേർ യാത്രാക്ലേശം അനുഭവിക്കുന്നു.
കാസർകോട്: (KasargodVartha) പെരിയാട്ടടുക്കം ചെരുമ്പ എൻ എച്ച് 66 ജനകീയ സമരസമിതിയുടെ നിരാഹാര സമര പ്രഖ്യാപന കൺവെൻഷൻ ജനുവരി 10ന് വൈകീട്ട് 3.30ന് നടത്തുമെന്ന് സമര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി രിഫാഇയ്യ മസ്ജിദിന് സമീപം നിർമിച്ച കോൺക്രീറ്റ് മതിൽ മൂലം റോഡിന്റെ ഇരുവശത്തേക്കുമുള്ള യാത്ര പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഈ വിഷയത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സമരസമിതി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. നടപ്പാതയുടെ ആവശ്യകത ഉന്നയിച്ച് മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുകയും അധികാരികൾക്ക് നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ചെരുമ്പ പ്രദേശത്തിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ, വിദ്യാർഥികൾ, അംഗനവാടി കുട്ടികൾ, ആരാധനാലയങ്ങളിലേക്ക് പോകുന്നവർ, കാലിയടുക്കം നിവാസികൾ, ഉദുമ കോളജ് വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് യാത്രാസൗകര്യമില്ലാതെ കഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സമരസമിതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്.
അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിൽ, വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ എം ബഷീർ, ടി എം അബ്ദുൽ ഹമീദ് ഹാജി, അസ്‌ലം ബങ്കണ, സി വി വ്ഹ് ഉമറുൽ ഫാറൂഖ്, അബ്ദുൽ റഊഫ് ഫൈസി എന്നിവർ പങ്കെടുത്തു.
#Kasaragod #RoadBlockage #Protest #NH66 #Kerala #HungerStrike