Public Outcry | ചീമേനിയിൽ മദ്യശാലയ്ക്കെതിരെ പ്രതിഷേധം ശക്തം; പന്തം കൊളുത്തി പ്രകടനം നടന്നു
ചീമേനി: (KasargodVartha) ടൗണിന് സമീപം കയ്യൂർ റോഡിൽ പുതുതായി ആരംഭിക്കുന്ന കൺസ്യൂമർ ഫെഡ് മദ്യശാലയ്ക്കെതിരെ ജനകീയ സമരസമിതി സംഘടിപ്പിച്ച മൂന്നാം ഘട്ട സമരം ശക്തമായി. പന്തം കൊളുത്തിയുള്ള പ്രകടനവും തുടർന്ന് നടന്ന പൊതുയോഗവും ചീമേനിയിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
നിർദിഷ്ട കെട്ടിടത്തിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുഭാഷ് ചീമേനി യോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. എം.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. വി.പി.ദാമോദരൻ, കെ.ടി.ഭാസ്കരൻ, എ.ജയരാമൻ, പി.രാജീവൻ, കെ.രാഘവൻ, ധനേഷ്.ടിപി, ടി പി തമ്പാൻ, കുടുക്കേൻ ശ്രീധരൻ, പി വി .സന്ദീപ്, എം.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
പ്രദേശവാസികൾക്ക് മദ്യശാല വരുന്നത് കാരണം നിരവധി ആശങ്കകളുണ്ട്. മദ്യശാല പൊതുജനങ്ങളുടെ ശുദ്ധജല സ്രോതസ്സുകളെ ദൂഷിതമാക്കുമെന്നും, ഇത് പ്രദേശത്തെ സമാധാനാന അന്തരീക്ഷത്തെ തകർക്കുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പൊതുജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് മദ്യശാല സ്ഥാപിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അവർ വാദിക്കുന്നു.
നിർദിഷ്ട കെട്ടിടത്തിന് മുന്നിൽ സമരപന്തൽ കെട്ടി 27 ദിവസമായി സമരം സംഘടിപ്പിച്ച് വരികയാണ് ജനകീയ സമരസമിതി. പ്രദേശവാസികൾ ഏകകണ്ഠമായാണ് മദ്യശാലയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. മദ്യപാനികൾ കാരണം ഗതാഗതക്കുരുക്ക്, അപകടങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മദ്യപാനം സമൂഹത്തിൽ ദുശ്ചിന്തകൾ വളർത്തുമെന്ന ആശങ്കയും അവർക്ക് ഉണ്ട്.
സമരത്തിന്റെ ലക്ഷ്യം മദ്യശാല നിർമ്മാണം നിർത്തുക എന്നതാണ്. അതുപോലെ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുക, സമാധാനാന്തരീക്ഷം നിലനിർത്തുക, സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക എന്നതും ലക്ഷ്യങ്ങളാണ്.