മന്ത്രി ജയലക്ഷ്മി മിന്നലേറ്റുമരിച്ച യുവാവിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം
May 15, 2012, 16:15 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ പട്ടിക ജാതി - പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി പി. കെ.ജയലക്ഷ്മി ഇടിമിന്നലേറ്റ് മരിച്ച ആദിവാസി യുവാവിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതും മൃതദേഹം കാണാന്‍ ആശുപത്രിയില്‍ എത്താതിരുന്നതും വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി.
ചാലിങ്കാല്‍ മാളത്തുംപാറ കോളനിയിലെ നാര്‍ക്കളന്റെ മകനും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ സി. എം.രമേശന്‍ (20) മെയ് 11 ന് രാത്രി 10 മണിയോടെ ഇടിമിന്നലിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് മരിച്ചിരുന്നു. മെയ് 12 ന് രാവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി കാസര്‍കോട്ടെത്തിയ മന്ത്രി പി .കെ ജയലക്ഷ്മി ഗസ്റ് ഹൌസില്‍ വിശ്രമിക്കുമ്പോള്‍ ആദിവാസി കോണ്‍ഗ്രസ് നേതാവ് പത്മനാഭന്‍ ചാലിങ്കാല്‍ മന്ത്രിയെ കാണുകയും രമേശന്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട വിവരം അറിയിക്കുകയും യുവാവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പനിയാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ കഴിയില്ലെന്നും വരാന്‍ ശ്രമിക്കാമെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.
എന്നാല്‍ കാസര്‍കോട് ഗസ്റ് ഹൌസില്‍ നിന്നും മന്ത്രി പിന്നീട് നീലേശ്വരത്തെത്തുകയും എച്ച്.എസ്.ടി.എ ക്യാമ്പില്‍ പങ്കെടുക്കുകയുംചെയ്തു. ഈസമയം രമേശന്റെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയില്‍ എത്തിയിച്ചിരുന്നു. ആദിവാസി കോ ണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം ഫോണിലൂടെ മന്ത്രി ജയലക്ഷ്മിയെ അറിയിച്ചെങ്കിലും ജില്ലാശുപത്രിയില്‍ വരാനും മന്ത്രി തയ്യാറായില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയില്‍ മരണപ്പെട്ട ആദിവാസി യുവാവായ രമേശന്റെ വീട്ടില്‍ വരേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ടായിരുന്നുവെന്നും പനിയാണ് പ്രശ്നമെങ്കില്‍ നീലേശ്വരത്തെ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ മന്ത്രിക്ക് എങ്ങനെയാണ് സാധിച്ചതെന്നും ആദിവാസി കോണ്‍ഗ്രസ് ചോദിക്കുന്നു.
![]() |
C.M.Ramesh |
രമേശന്റെ നിര്‍ധന കുടുംബത്തോട് മന്ത്രികാണിച്ച അവഗണനയില്‍ ആദിവാസി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ കാഞ്ഞങ്ങാട്ടുണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ പ്രതിഷേധമറിയിച്ചു. ഇതെതുടര്‍ന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം മുന്‍ മന്ത്രി എം. എ. കുട്ടപ്പന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച വൈകുന്നേരം രമേശന്റെ വീട് സന്ദര്‍ശിച്ചു. രമേശന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരുലക്ഷം രൂപ അനുവദിച്ചു.
Keywords: Adivasi youth death, Protest, Minister P.K.Jayalakshmi, Kasaragod