Protest | കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടി: സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ കലക്ടറേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി
പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെയും, ജില്ലാ ഭരണകൂടത്തിന്റെയും പിടിപ്പുകേടാണെന്ന് എകെഎം അശ്റഫ്
കാസർകോട്: (KasaragodVartha) കഴിഞ്ഞ അഞ്ച് വർഷമായി തകർച്ചയെ നേരിടുന്ന കഞ്ചിക്കട്ട - കൊടിയമ്മ പാലം പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കാതെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് പാവപ്പെട്ട കർഷകരുടെയും, വിദ്യാർഥികളുടെയും, നാട്ടുകാരുടെയും വഴിമുടക്കിയത് പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെയും, ജില്ലാ ഭരണകൂടത്തിന്റെയും പിടിപ്പുകേടാണെന്ന് എകെഎം അശ്റഫ് എംഎൽഎ കുറ്റപ്പെടുത്തി.
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം വേണ്ടിവന്നാൽ സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് നീങ്ങും. അടുത്ത നിയമസഭാ സമ്മേളനത്തിൽ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിഎൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കർള, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, യുഡിഎഫ് നേതാക്കളായ എൻപി ഖാലിദ്, സയ്യിദ് ഹാദി തങ്ങൾ, മഞ്ജുനാഥ ആൾവ, ലക്ഷ്മണപ്രഭു, യൂസഫ് ഉളുവാർ, സത്താർ ആരിക്കാടി, സിദ്ദീഖ് ഡണ്ടുഗോളി, കുഞ്ഞഹമ്മദ് മൊഗ്രാൽ, കെവി യൂസഫ്, ഉദയ അബ്ദുറഹ്മാൻ, ഇബ്രാഹിം ബത്തേരി, ഷമീർ കുമ്പള, കെഎം അബ്ബാസ്, മുഹമ്മദ് അബ്ക്കോ തുടങ്ങിയവർ സംബന്ധിച്ചു. എകെ ആരിഫ് നന്ദി പറഞ്ഞു.