Protest | മന്ദംപുറത്ത് കാവിൻ്റെ മുന്നിലുള്ള നട വഴി അടച്ചിടാനുള്ള റെയിൽവേ നീക്കം ഉപേക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ
'നീലേശത്തെ പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്നതും റെയിലിന്റെ കിഴക്ക് ഭാഗത്താണ്'
നീലേശ്വരം: (KasaragodVartha) മന്ദംപുറത്ത് കാവിൻ്റെ മുന്നിൽ കൂടി വർഷങ്ങളായി ജനങ്ങൾ റെയിൽ ക്രോസ് ചെയ്ത് ഉപയോഗിച്ചു വരുന്ന നട വഴി ബാരിക്കേട് വെച്ച് അടയ്ക്കാനുള്ള റെയിൽവേയുടെ തീരുമാനം പിൻവലിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവേ ലൈനിൻ്റെ കിഴക്ക് ഭാഗത്തുള്ള വലിയൊരു വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന വഴിയാണ് ഇത്.
ഫൂട്ട് ഓവർ ബ്രിഡ്ജ് കയറുന്നതിന് പ്രായമായവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് ഈ വഴിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ നീലേശത്തെ പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്നതും റെയിലിന്റെ കിഴക്ക് ഭാഗത്താണ്. അതുകൊണ്ട് തന്നെ ഈ നടപ്പാത അടക്കുന്നത് ജനങ്ങൾക്ക് വലിയ ദുരിതമായിരിക്കും അനുഭവപ്പെടുക.
കൂടാതെ നീലേശ്വരം മന്ദംപുറത്ത് കാവിൽ നടക്കുന്ന ഉത്സവാഘോഷ പരിപാടികൾക്കും ചടങ്ങുകൾക്കും ഈ നടപ്പാതയാണ് ഉപയോഗിക്കുന്നത്. ദിവസവും ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിച്ചു വരുന്ന ഈ വഴി പകരം സംവിധാനം ഉണ്ടാകുന്നതുവരെ അടച്ചിടരുതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.