കടലിലെ അപകടങ്ങള്‍: രക്ഷാ പ്രവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കുന്നു
Mar 24, 2012, 14:30 IST
കാസര്‍കോട്: കടലിലും പുഴകളിലും അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്കരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട രീതിയും അതിനുള്ള പശ്ചാത്തല സൌകര്യമൊരുക്കലും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല കടലോര ജാഗ്രതാ സമിതിയുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുങ്ങല്‍ വിദഗ്ധര്‍, ബോട്ടുകള്‍, രക്ഷാദൌത്യത്തിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ആലോചിക്കുന്നത്. നേവി, കോസ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും പരിപാടി ആവിഷ്കരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പേര്‍ക്ക് പരിശീലനവും നല്‍കും. വിരമിച്ച നേവി കോസ്റ് ഗാര്‍ഡ് സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയമിക്കാനും ബോട്ടുകളില്‍ സ്ഥിരം ഡ്രൈവര്‍മാരെ നിയോഗിക്കാനും തീരദേശ പോലീസ് സ്റേഷനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഏകോപനത്തിലാണ് ജില്ലാതല കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്.
ഏഴ് പ്രാദേശിക കടലോര ജാഗ്രതാ സമിതികളുടെ വിലയിരുത്തലുകള്‍ ജില്ലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും. കടല്‍ മാര്‍ഗ്ഗമുള്ള നുഴഞ്ഞു കയറ്റങ്ങള്‍ പ്രതിരോധിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാദേശിക ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അജാനൂര്‍ കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണ്. ഇതിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകും. ജില്ലയുടെ തീരപ്രദേശം വഴി കടന്നു പോകുന്ന കപ്പലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് തുറമുഖ അധികൃതരോട് ആവശ്യപ്പെടും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷനായി. ഡെ.കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരിശ്ചന്ദ്ര നായ്ക്, കോസ്റല്‍ പോലീസ് സ്റേഷന്‍ എസ്.ഐമാരായ ജി.ബാലചന്ദ്രന്‍, പി.അനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പദ്മനാഭന്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് അംഗങ്ങളായ കാറ്റാടി കുമാരന്‍, കെ.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Protection scheme, Fishermen, Kasaragod