Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അന്തരിച്ചു
എട്ടിക്കുളം: (KasargodVartha) പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ (64) അന്തരിച്ചു. ഉള്ളാൾ അടക്കം നിരവധി മഹല്ലുകളുടെ ഖാസിയാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗം, ദേളി ജാമിഅ സഅദിയ്യ ജെനറല്‍ സെക്രടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. തിങ്കളഴാച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടിലാണുള്ളത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹം മംഗ്ളുറു കുറത്തിലേക്ക് കൊണ്ടുപോകും. ഖബറടക്കം രാത്രി ഒമ്പത് മണിയോടെ കുറത്ത് നടക്കും.
കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറ പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തുന്നത് കാരണം 'ഖുറാ തങ്ങൾ' എന്നറിയപ്പെടുന്ന സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കേരളത്തിലും കർണാടകയിലുമടക്കം പ്രസിദ്ധനായ ആത്മീയ നേതൃത്വമാണ്. കാസർകോട്, ദക്ഷിണ കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളുടെ ഖാസി കൂടിയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രം ഉള്ളാൾ മഹല്ലും അതില്‍ പെടും.
സമസ്‌ത മുൻ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുർ റഹ്‌മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളാണ് പിതാവ്. അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷമാണ് ഉള്ളാൾ അടക്കമുള്ള മഹല്ലുകളുടെ ഖാസിയായി ഖുറാ തങ്ങൾ നിയമിതനായത്. നിരവധി പേർക്ക് അത്താണിയായ തങ്ങളുടെ വിയോഗം ഏവരെയും കണ്ണീരണിയിച്ചിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് സുന്നി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർ വീട്ടിലേക്ക് ഒഴുകുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഉള്ളാളിൽ സയ്യിദ് മദനി ശരീഅത് കോളേജ് വിദ്യാർഥികളുടെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്. ഭാര്യ: സയ്യിദത് ആറ്റ ബീവി. മക്കൾ: സയ്യിദ് അബ്ദുർ റഹ്‌മാന്‍ മശ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങള്‍, സയ്യിദത് റുഫൈദ, സയ്യിദത് സഫീറ, സയ്യിദത് സകിയ്യ, സയ്യിദത് സഫാന.
അനുശോചിച്ചു
വിയോഗത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി ത്വാഹാ തങ്ങള്‍, ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എം എ സ്റ്റേറ്റ് പ്രസിഡന്റ് കാട്ടിപ്പാറ കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, എസ് ജെ എം സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.