മദ്യത്തിനും മയക്കുമരുന്നിനും എതിരെ കുട്ടികളെ ബോധവല്‍ക്കരിക്കും
May 22, 2012, 15:21 IST

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന ദിവസം ജില്ലയിലെ എല്ലാ സ്കൂളുകളിലും മദ്യത്തിനും മയക്കുമരുന്നിനും എതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ഒരുവിഭാഗം വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വളര്‍ന്നുവരുന്ന മദ്യാസക്തിയെ തടയാന്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കും. അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി കോളനിയിലെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വളണ്ടിയര്‍ സംഘം രൂപീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. വ്യാജവാറ്റിനെതിരെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പ്രാദേശിക സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പാക്കും.
കഴിഞ്ഞ ഒരു മാസത്തിനകം കാസര്‍കോട് ഡിവിഷനില്‍ എക്സൈസ് വകുപ്പ് 338 റെയിഡുകള്‍ നടത്തി 51 കേസുകളില്‍ 39 പേരെ പ്രതികളാക്കുകയും ചെയ്തു. 33 പേരെ അറസ്റ് ചെയ്തു. 172.35 ലിറ്റര്‍ വിദേശമദ്യം, 201 ലിറ്റര്‍ ചാരായം, 680 ലിറ്റര്‍ വാഷ്, 80 ലിറ്റര്‍ സ്പിരിറ്റ്, 170 ഗ്രാം കഞ്ചാവ്, 48.75 ലിറ്റര്‍ ബിയര്‍ എന്നിവ കസ്റഡിയില്‍ എടുത്തിട്ടുണ്ട്. 434 കള്ള്ഷാപ്പുകള്‍ പരിശോധിച്ചു, 48 കള്ള് സാമ്പിളുകള്‍ രാസപരിശോധനയ്ക്കയച്ചു. 27 തവണ വിദേശമദ്യഷാപ്പുകളും 17 തവണ ബാര്‍ ഹോട്ടലുകളും പരിശോധനയ്ക്ക് വിധേയമാക്കി. ബാറുകളില്‍ നിന്ന് 9 മദ്യ സാമ്പിളുകള്‍ രാസപരിശോധനയ്ക്കയക്കുകയും ചെയ്തിട്ടുണ്ട്. 2480 വാഹനങ്ങള്‍ ഈ കാലയളവില്‍ പരിധോധിച്ചു. വ്യാജമദ്യത്തിന് കുപ്രസിദ്ധികേട്ട സ്ഥലങ്ങളില്‍ റെയിഡുകള്‍ ശക്തമാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ണ്ണാടകയില്‍ നിന്നും മദ്യം കടത്തുന്നത് തടയുന്നതിനുള്ള നടപടി ശക്തമാക്കി. ബദിയടുക്ക റെയിഞ്ചില്‍ നിന്ന് 14.5 ലിറ്ററും, കുമ്പള റെയിഞ്ചില്‍ നിന്ന് 5.2 ലിറ്ററും കര്‍ണ്ണാടകയിലെ വിദേശമദ്യവും കസ്റഡിയിലെടുത്തിട്ടുണ്ട്. കരിച്ചേരി ഭാഗങ്ങളില്‍ വീടുകളില്‍ വിദേശമദ്യം വില്‍പ്പന നടത്തുന്നതിനെതിരെ വിളക്കുമാടം, കരിച്ചേരി ഭാഗങ്ങളില്‍ റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം വ്യാജവാറ്റ് കൂടുതലായുള്ള കാഞ്ഞങ്ങാടിന്റെ മലയോര മേഖലകളില്‍ റെയിഡുകള്‍ ശക്തമാക്കി. ഇരിയ, പനത്തടി, കോളിച്ചാല്‍, തണ്ണോട്ട്, ഒടയഞ്ചാല്‍, ചുള്ളിക്കര ഭാഗങ്ങളിലും റെയിഡുകള്‍ സംഘടിപ്പിച്ചു. നീലേശ്വരം റെയിഞ്ചിന്റെ പാലാവയല്‍ വില്ലേജില്‍ അത്തിയടുക്കം, ചെരമ്പക്കോട് എന്നിവിടങ്ങളിലും മലയോരമേഖലകളിലും സംയുക്ത റെയിഡുകള്‍ സംഘടിപ്പിച്ചു. റെയിഡില്‍ അനേകം ലിറ്റര്‍ വാഷ് കണ്ടെടുക്കയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ് ചെയ്തു.
യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരായ എ.കൃഷ്ണന്‍, മുംതാസ് സമീറ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആയിഷത്ത് താഹിറ, സുജാത ആര്‍ തന്ത്രി, സുനിത വസന്ത, പി.എച്ച്.റംല, ഷംഷദ് ഷുക്കൂര്‍, എം.ഗീത,് അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ മറ്റു ജനപ്രതിനിധികള്‍, എക്സൈസ്, ഫോറസ്റ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Drug, Programme, Student, Kasaragod