'ചന്ദ്രനില്‍ കണ്ടതും കേട്ടതും' അറിഞ്ഞ് കുട്ടികള്‍
Jul 23, 2012, 11:00 IST
![]() |
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ചാന്ദ്രമനുഷ്യനുമായി കടന്നുവരുന്ന ഒ.പി ചന്ദ്രന്‍ |
ഉദിനൂര്‍: മാനത്തുകണ്ട അമ്പിളി മാമനെ കൈക്കുമ്പിളിലാക്കിയ മനുഷ്യന്റെ ശാസ്ത്ര പുരോഗതിയെക്കുറിച്ച് അടുത്തറിയാന്‍ സംഘടിപ്പിച്ച 'ചന്ദ്രനില്‍ കണ്ടതും കേട്ടതും' ശ്രദ്ധേയമായി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളിലാണ് ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള മറുപടി എല്‍.സി.ഡി പ്രൊജക്ടര്‍ വഴി വീഡിയോ ചിത്രങ്ങളായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് നവ്യാനുഭവമായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ ഒ.പി ചന്ദ്രനാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
സ്വതസിദ്ധമായ ഭാഷാ ശൈലിയും അഭിനയ പാടവവുമായി ഒ.പി ചന്ദ്രന്‍ കുട്ടികളുടെ കൂട്ടുകാരനായി മാറി. ലൈക്ക എന്ന തെരുവ് നായയെ ചന്ദ്രനില്‍ അയയ്ക്കാന്‍ കാരണമെന്ത്? പ്രശാന്തതയുടെ സമുദ്രം എന്നാല്‍ എന്ത്? ചന്ദ്രനിലെ ഭക്ഷണരീതി എന്നിങ്ങനെ ഇരുപതോളം ചോദ്യങ്ങളാണ് കുരുന്നുമനസ്സുകള്‍ ചോദിച്ചത്.
ഇതിനൊക്കെയുള്ള ഉത്തരം വീഡിയോ ദൃശ്യങ്ങള്‍ വഴി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ചാന്ദ്രമനുഷ്യനായി സ്‌കൂളിലെത്തിയ ഏഴാംക്ലാസുകാരന്‍ മുനിയപ്പന്‍ കുട്ടികളുമായി 'ചാന്ദ്രഭാഷ'യില്‍ സംസാരിച്ചു. ഒ.പി ചന്ദ്രന്‍ അത് കുട്ടികള്‍ക്ക് തര്‍ജമ ചെയ്തു നല്‍കി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയില്‍ അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.
ശാസ്ത്രാധ്യാപകന്‍ പി.വി ഭാസ്‌കരന്‍ സ്വാഗതവും, അഫ്രഖാലിദ് നന്ദിയും പറഞ്ഞു. പ്രധാനാധ്യാപകന്‍ രാഘവന്‍ മാണിയാട്ട്, ശ്രീഥന്‍ കജനായര്‍, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Keywords: Programme, Moon, Edachakal UP School, Udinoor, Kasaragod