Commemoration | കാസർകോട് ഗവ. കോളജിൽ പ്രൊഫ. ടി സി മാധവ പണിക്കരുടെ അനുസ്മരണം
● മുതിർന്ന പത്രപ്രവർത്തകനും ജിയോ ശാസ്ത്രജ്ഞനുമായ ശശിധരൻ മങ്കത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.
● ഡോ. വിദ്യ കെ.എം, അയിഷത്ത് ജുവേരിയ, കെ. ശ്രീരാജ് എന്നിവർ മറുപടി പ്രസംഗം നടത്തി.
● ജിയോ അലുമ്നാസിന്റെ നേതൃത്വത്തിൽ എൻഡോമെന്റ് അവാർഡുകൾ വിതരണം
കാസർകോട്: (KasargodVartha) സാമൂഹിക, കലാസാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്ന പ്രൊഫ. ടി.സി. മാധവ പണിക്കരുടെ ആറാം ചരമവാർഷികം ആചരിച്ചു. ജിയോളജി പൂർവ വിദ്യാർത്ഥി സംഘടനയായ ജിയോ അലുമ്നാസിന്റെ നേതൃത്വത്തിൽ കാസർകോട് ഗവ. കോളജിൽ നടന്ന ചടങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. വി എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുതിർന്ന പത്രപ്രവർത്തകനും ജിയോ ശാസ്ത്രജ്ഞനുമായ ശശിധരൻ മങ്കത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. പഠനത്തോടൊപ്പം ഭൂ ശാസ്ത്ര വിഷയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ തൂലിക ചലിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഉരുൾപൊട്ടലും ഭൂകമ്പവും പരിസ്തിതിയും പഠിക്കുന്ന വിദ്യാർത്ഥികൾ ജനങ്ങളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ സഹായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻഡോസൾഫാൻ പ്രശ്നം കത്തിനിന്ന കാലത്തു നിരവധി സമരപോരാട്ടങ്ങളിൽ നേതൃത്വം വഹിച്ച മാധവ പണിക്കരുടെ പേരിൽ ഉള്ള എൻഡോമെന്റ് അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്‌ഡി നേടുന്ന ഗവണ്മെന്റ് കോളേജ് ജിയോളജി ഗവേഷണ വിഭാഗത്തിലെ ഡോ. കെ.എം. വിദ്യയ്ക്ക് മുൻ മഞ്ചേശ്വരം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ബി.എഫ്. അബ്ദുൽ റഹ്മാൻ ഉപഹാരം നൽകി ആദരിച്ചു.
2024 ലെ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ബി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുനിയൂരിലെ കെ. ശ്രീരാജിന് മുൻ ഒ.എൻ.ജി.സി ജനറൽ മാനേജർ എൻ. അശോക് കുമാറും, എം.എസ്.സി ജിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിക്കോലിലെ ആയിഷത്ത് ജുവൈരിയയ്ക്കു ഒ.എൻ.ജി.സി മുൻ കേന്ദ്ര ജല വകുപ്പ് റീജിയണൽ ഡയറക്ടർ ഡോ. വി. കുഞ്ഞമ്പുവും എൻഡോമെന്റ് അവാർഡുകൾ വിതരണം ചെയ്തു.
പ്രൊഫ. വി. ഗോപിനാഥൻ, ഡോ. എ.എൻ. മനോഹരൻ, സി.എൽ. ഹമീദ്, നാരായണൻ പെരിയ, കെ. ശ്രീമതി ഗോപിനാഥ്, എൻ. അശോക് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡോ. വിദ്യ കെ.എം, അയിഷത്ത് ജുവേരിയ, കെ. ശ്രീരാജ് എന്നിവർ മറുപടി പ്രസംഗം നടത്തി.
#TCMadhavaPanikkar #Kasaragod #GeoAlumni #Tribute #EndowmentAwards #KeralaEducation