city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ തോക്ക് ലൈസന്‍സിനുള്ള നിബന്ധനകള്‍ കാറ്റില്‍ പറത്തുന്നു; ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്കും തോക്ക് ലൈസന്‍സ്

കാസര്‍കോട്: (www.kasargodvartha.com 31.05.2016) ജില്ലയില്‍ തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണമുയര്‍ന്നു. ക്രിമിനല്‍ കേസിലും കൊലക്കേസിലും പ്രതികളായവര്‍ക്കും തോക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം.

ഇത് സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകനായ കെ എസ് സാലി കീഴൂര്‍ സംസ്ഥാന ആഭ്യന്തര മന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ക്ക് ആയുധ ലൈസന്‍സ് നല്‍കുന്ന നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് ഉണ്ടാക്കുക എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തോക്ക് ലൈസന്‍സിനുള്ള നിബന്ധനകള്‍ കര്‍ശനമാണ്. 22 ഓളം കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് തോക്ക് ലൈസന്‍സ് നല്‍കുന്നത്. ജില്ലാ പോലീസ് ചീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറാണ് തോക്ക് ലൈസന്‍സ് നല്‍കുന്നത്.

അക്രമ കേസിലും ക്രിമിനല്‍ കേസിലും കൊലക്കേസിലും പ്രതികളായവര്‍ക്ക് ഒരു കാരണവശാലും തോക്ക് ലൈസന്‍സ് നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിയമ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം കാറ്റില്‍പറത്തി ജില്ലയില്‍ തോക്ക് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനുവദിച്ച തോക്കുകളെല്ലാം അതാത് പോലീസ് സ്‌റ്റേഷനുകളില്‍ ഏല്‍പ്പിക്കാന്‍ നേരത്തെ നടപടിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് തോക്കുകള്‍ ഉടമസ്ഥര്‍ക്ക് മടക്കി നല്‍കിയിട്ടുണ്ട്.

തോക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ അപേക്ഷകന് അതാത് പോലീസ് സ്‌റ്റേഷന്‍ പരിധികളിലോ മറ്റ് സ്‌റ്റേഷനുകളിലോ സംസ്ഥാനത്തിന് പുറത്തോ ക്രിമിനല്‍ കേസുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. എന്നാല്‍ ഇതൊന്നും നടത്താതെ പലര്‍ക്കും ലൈസന്‍സ് നല്‍കുന്നുണ്ടെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ തോക്ക് സമ്പാദിച്ചവരില്‍ കേരളത്തിന് പുറത്ത് കേസുകളില്‍ ഉള്‍പ്പെട്ട ഒരു പ്രമുഖനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആക്ഷേപം.
ജില്ലയില്‍ തോക്ക് ലൈസന്‍സിനുള്ള നിബന്ധനകള്‍ കാറ്റില്‍ പറത്തുന്നു; ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്കും തോക്ക് ലൈസന്‍സ്


Keywords: Kasaragod, District, Case, Murder Case, Collector, Police Station, Criminal Case, Gun license.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia