കാനത്തുംകുണ്ടുകാരോട് എന്തിനീ ക്രൂരത?
Nov 14, 2012, 14:00 IST
![]() |
മാലിന്യംകൊണ്ടിട്ട സ്ഥലം പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ സന്ദര്‍ശിക്കുന്നു. |
ബുധനാഴ്ച രാവിലെ ഇവിടെ ചത്തകോഴികളെ ചാക്കില്‍ കൊണ്ടുവന്ന് തള്ളിയതായി കണ്ടെത്തി. റോഡരികില്‍ തന്നെയാണ് പത്തോളം കോഴികളെ കൊണ്ടിട്ടിരിക്കുന്നത്. നാട്ടില്‍ പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചത്ത കോഴികളെ ഇവിടെ കൊണ്ടിട്ടത് പരിസരവാസികളില്‍ ആശങ്ക പരത്തി. സംഭവം സംബന്ധിച്ച് ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് പരാതി നല്‍കി. ഇരുപതോളം വീടുകളാണ് പ്രദേശത്തുള്ളത്. ആറ്, ഏഴ് വാര്‍ഡുകളില്‍പെടുന്ന രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡരികിലാണ് മാലിന്യ നിക്ഷേപം പതിവായിട്ടുള്ളത്. റോഡരികില്‍ കാടുമൂടിക്കിടക്കുന്നതും കുഴിയുള്ളതും രാത്രി കാലങ്ങളില്‍ ഇവിടെ തെരുവു വിളക്കില്ലാത്തതും മാലിന്യം കൊണ്ടു തള്ളുന്നവര്‍ മുതലാക്കുകയാണ്.
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മാത്രമാണ് ഇതിലൂടെ കടന്നു പോകുന്നത്. റോഡരികിലെ കാട് വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിക്കാത്തതും പ്രശ്‌നമാണ്. രാത്രിയാവുമ്പോള്‍ പ്രദേശം ഇരുട്ടിലാകുന്നത് മാലിന്യം കൊണ്ടു തള്ളുന്നവര്‍ക്ക് അനുഗ്രഹമാകുന്നു.
എട്ട് വര്‍ഷം മുമ്പ് കാനത്തുംകുണ്ടില്‍ ഒരു യുവാവ് മരണപ്പെട്ടിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് അയാളുടെ മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് മാലിന്യത്തില്‍ നിന്നുള്ളതാവാമെന്നായിരുന്നു കരുതിയത്. റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെ യാദൃശ്ചികമായാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ഈ സംഭവം തെളിയിക്കുന്നത് റോഡരികിലെ കാടുപിടിച്ച കുഴിയില്‍ ആളുകളെ കൊന്നിട്ടാലും അത്ര പെട്ടെന്ന് പുറംലോകം അറിയില്ലെന്നാണ്. അത്രമാത്രം ഭീകരമാണ് ഇവിടത്തെ കാടും കുഴിയും ദുര്‍ഗന്ധവും.
ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡും കാടു മൂടി മറഞ്ഞിരിക്കയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ പരാതിപ്പെടുന്നവരോട് നിങ്ങള്‍ തന്നെ മാലിന്യം തള്ളുന്നവരെ പിടിച്ചു തന്നാല്‍ ഞങ്ങള്‍ നടപടി സ്വീകരിക്കാം എന്നാണത്രെ ആരോഗ്യവകുപ്പ് അധികൃതരും പോലീസും പറയുന്നത്. ഒന്നു രണ്ടു തവണ ഇത്തരത്തില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടിയപ്പോള്‍ ചിലരുടെ സമ്മര്‍ദത്തെതുടര്‍ന്ന് ഒന്നും ചെയ്യാനാകാതെ വിട്ടയക്കേണ്ടിവന്ന അനുഭവവും നാട്ടുകാര്‍ വിവരിക്കുന്നു. റോഡരികിലെ കാട് വെട്ടിത്തെളിക്കാനും തെരുവ് വിളക്ക് സ്ഥാപിക്കാനും മാലിന്യ നിക്ഷേപം തടയാനും അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കാനുത്തുംകുണ്ടുകാര് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരോട് ഇങ്ങനെ ചോദിക്കുന്നു എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത ചെയ്യുന്നത്.
Keywords: Waste, Road, Neighbours, Plastic, Vehicle, Animal, House, Forest, Lights, Kasaragod, Kerala.