 |
File Photo |
കാസര്‍കോട്: സ്വകാര്യ ബസ് തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിനെതുടര്‍ന്ന് ജില്ലയില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. രാവിലെ ജോലിസ്ഥലത്തും സര്‍കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്തേണ്ടവരാണ് ഏറെ വിഷമിച്ചത്. വളരെ വൈകിയാണ് പലര്‍ക്കും ജോലി സ്ഥലത്തെത്താന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറയാനും പണിമുടക്ക് കാരണമായി.
കെ.എസ്.ആര്.ടി.സി. ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മുഴുവന്‍ യാത്രക്കാരെയും കയറ്റാന്‍ അവര്‍ക്കായില്ല. കെ.എസ്.ആര്.ടി.സി. ബസുകള്‍ സര്‍വീസ് നടത്താത്ത റൂട്ടുകളിലെ യാത്രക്കാര്‍ കിലോമീറ്ററുകള്‍ നടന്നും ഓട്ടോകള്‍ക്ക് അമിതമായ വാടക നല്‍കിയുമാണ് ഒരുവിധം ജോലിസ്ഥലത്തെത്തിയത്. ആശുപത്രികളില്‍ എത്തേണ്ട രോഗികള്‍ക്കും അവരുടെ സന്ദര്‍ശകര്‍ക്കും പണിമുടക്ക് ദുരിതമായി.
തുല്യജോലിക്ക് തുല്യ വേതനം എന്ന തത്വം അംഗീകരിച്ച് കെ.എസ്.ആര്.ടി.സി. ബസ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സേവന-വേതന വ്യവസ്ഥകള്‍ സ്വകാര്യ മേഖലയിലും നല്‍കുക, ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമായി ജോലിസമയം നിജപ്പെടുത്തുക, റോഡപകട കുറ്റവും ട്രാഫിക്ക് ലംഘനവും ആരോപിച്ച് ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതും തൊഴിലാളികളെ ജയിലിലടക്കുന്നതും അവസാനിപ്പിക്കുക തുടങ്ങി 14 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്.
കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ സൂചനാപണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ആരംഭിച്ചത്.
Keywords: Bus, Strike, KSRTC, CITU, kasaragod, Malayalam News, Bus service, Traffic Rules