Pressure | വിലക്ക് നീക്കാൻ യൂണിയൻ നേതാക്കളുടെ സമ്മർദം; സർക്കാർ ഓഫീസുകളിലെ കൂട്ടായ്മയ്ക്ക് തടയിട്ടത് സംഘടനാ പ്രവർത്തനങ്ങൾക്ക് വിലങ്ങ് തടിയാവുന്നുവെന്ന് പരാതി
● ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഉത്തരവിറക്കിയിരുന്നത്.
● സർക്കാർ ജീവനക്കാർ നേരാംവണ്ണം ജോലി ചെയ്താൽ വർദ്ധിച്ചുവരുന്ന പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാൻ സാധിക്കും.
● ഓഫീസിലെത്തുന്ന പരാതിക്കാർ എപ്പോൾ നോക്കിയാലും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതാണ് കാണുന്നത്.
കാസർകോട്: (KasargodVartha) തൊട്ടതിനും, പിടിച്ചതിനുമൊക്കെ സർക്കാർ ഓഫീസുകളിൽ 'കൂട്ടായ്മകൾ' ഉണ്ടാക്കി പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ സമയം കണ്ടെത്താതെ ജീവനക്കാർ സംഘടനാ പ്രവർത്തനത്തിന് വേണ്ടി സമയം കളയുന്നുവെന്ന ആക്ഷേപം നിലനിൽക്കെ ജീവനക്കാരുടെ 'ഫോറങ്ങളും' വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കിയ നടപടി പിൻവലിക്കാൻ സർക്കാരിൽ യൂണിയൻ നേതാക്കളുടെ സമ്മർദം.
ഇത് സംബന്ധിച്ച് 2024 ഒക്ടോബർ 30നാണ് മുഖ്യമന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നത്. ഇത് സംഘടന പ്രവർത്തനത്തിന് വിലങ്ങു തടിയാണെന്നാണ് യൂണിയൻ നേതാക്കളുടെ കണ്ടെത്തൽ. ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഉത്തരവിറക്കിയിരുന്നത്. സർക്കാർ ജീവനക്കാരുടെ അലംഭാവം മൂലമാണ് സർക്കാറിന് വർഷാവർഷം പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാൻ കോടികൾ ചിലവഴിച്ച് ജില്ലാതോറും അദാലത്തുകൾ സംഘടിപ്പിക്കേണ്ടി വരുന്നതെന്ന തിരിച്ചറിവ് കൂടിയാണ് ഉത്തരവിന് പിന്നിലുണ്ടായിരുന്നതെന്നാണ് പറയുന്നത്.
സർക്കാർ ജീവനക്കാർ നേരാംവണ്ണം ജോലി ചെയ്താൽ വർദ്ധിച്ചുവരുന്ന പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാൻ സാധിക്കും. എന്നാൽ ഇവർ ഓഫീസിലെത്തിയാൽ ഇത്തരത്തിൽ കൂട്ടായ്മകളും, ഫോറങ്ങളും ഉണ്ടാക്കുന്ന തിരക്കിൽ അത് ജോലിയെ ബാധിക്കുന്നുവെന്ന കണ്ടെത്തലും ഉത്തരവിന് പിന്നിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
അതിനിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ യോജിച്ച് പ്രവർത്തിക്കാവുന്ന തരത്തിൽ കൂട്ടായ്മകളും, ഫോറങ്ങളും രൂപീകരിക്കേണ്ടി വരുന്നത് സർവീസ് സംഘടനകൾക്ക് ബദലായി മാറുന്നുവെന്ന തോന്നൽ യൂണിയൻ നേതാക്കൾക്കിടയിൽ ഉണ്ടെന്ന് പറയുന്നു. ഇത് ദഹിക്കാത്തവർ സർക്കാറിൽ സമ്മർദം ചെലുത്തിയാണ് കൂട്ടായ്മകൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് 2024 മെയ് മാസം ഒരു ഭരണനുകൂല സംഘടന സർക്കാറിന് ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നതായും വിവരമുണ്ട്.
കൂട്ടായ്മകളും, ഫോറങ്ങളും രൂപീകരിച്ച് ഓഫീസ് സമയത്ത് പരിപാടികൾ സംഘടിപ്പിക്കുന്നത് ജോലിക്ക് തടസ്സമാവുന്നതും, പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാൻ മടിക്കുന്നതും നേരത്തെ തന്നെ പൊതുജനങ്ങൾ പരാതിപ്പെട്ടിരുന്നതാണ്. ഓഫീസിലെത്തുന്ന പരാതിക്കാർ എപ്പോൾ നോക്കിയാലും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതാണ് കാണുന്നത്. ജീവനക്കാരാകട്ടെ കൂട്ടായ്മകളുടെയും, ഫോറങ്ങളുടെയും പിറകിലായിരിക്കും.
ഒരാവശ്യത്തിന് സർക്കാർ ഓഫീസിലെത്തുന്ന പരാതിക്കാർ പല പ്രാവശ്യം ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ട് ജനപ്രതിനിധികൾ മുഖേന നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഭരണപരിഷ്കാര വകുപ്പ് കൂട്ടായ്മകൾക്കും, ഫോറങ്ങൾക്കും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയിരുന്നത്.
ഒരു വകുപ്പിൽ ജോലി ചെയ്യുന്നവർ, ഒരുമിച്ച് സർവീസിൽ പ്രവേശിച്ചവർ, ഒരുമിച്ച് വിരമിക്കുന്നവർ, പങ്കാളിത്ത പെൻഷൻകാർ തുടങ്ങിയ കൂട്ടായ്മകളാണ് ഏറെയും ജീവനക്കാർ രൂപീകരിക്കുന്നത്. ആദ്യം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പിന്നീട് യോഗങ്ങളും, യാത്രയപ്പ് പരിപാടികളും, വിശേഷദിന പരിപാടികളും സംഘടിപ്പിച്ചാണ് ജീവനക്കാർ ജോലി സമയം കളയുന്നത് എന്നാണ് വിമർശനം. യൂണിയനുകളും, കൂട്ടായ്മകളും രണ്ട് തട്ടിലായതോടെയാണ് ഇപ്പോൾ വിലക്ക് നീക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുന്നത്.
#KeralaNews #GovernmentPolicy #UnionPressure #GroupActivities #PublicComplaints #KeralaGovernment