മുജമ്മഉ ജല്‍സേ മീലാദ്, ഹുബ്ബുറസൂല്‍ സമ്മേളന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Jan 22, 2013, 18:06 IST
കാസര്‍കോട്: പ്രവാചകന് മുഹമ്മദ് നബി (സ:അ) യുടെ 1487 ാം ജന്മദിനത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മയിന്റെ മീലാദ് ക്യാമ്പയിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ദ്ധരാത്രിക്കുശേഷം തിരുപ്പിറവി സമയത്ത് വിശ്വാസികള്‍ ഒത്തുകൂടുന്ന ജല്‍സേ മീലാദ് നടക്കും. രാത്രി മൂന്നുമണിക്ക് സ്വാഗതസംഘം ചെയര്മാന് പള്ളങ്കോട് അബ്ദുര്‍ ഖാദര്‍ മദനി പതാക ഉയര്‍ത്തും.
തുടര്‍ന്ന് സ്ഥാപന സാരഥിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ അസ്സയ്യിദ് അബ്ദുര്‍ റഹ്മാന് ഇമ്പിച്ചിക്കോയ അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജല്‍സേ മീലാദ് സംഗമത്തില്‍ പ്രവാചക പ്രകീര്‍ത്തനം, മൗലീദ് പാരായണം,നബിദിന സന്ദേശ പ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥന എന്നിവ നടക്കും. പുലര്‍ച്ചെ ആറുമണിയോടെ അന്നദാനത്തോടെ പരിപാടി സമാപിക്കും. പ്രമുഖ സാദാത്തുക്കളും , പണ്ഡിതന്മാരും സംഘടനാ നേതാക്കളും സംബന്ധിക്കും.
ജനുവരി 26 ന് ഉപ്പളയില്‍ വമ്പിച്ച മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും നടക്കും. ഉച്ചക്ക് മൂന്നുമണിക്ക് മണ്ണങ്കുഴി മഖാം സിയാറത്തോടെ ആരംഭിക്കുന്ന ജില്ലയിലെ ആയിരത്തോളം വരുന്ന പ്രത്യേക പരിശീലനം ഐ.ടി.കാഡറ്റുകള്‍ക്കു പുറമെ ദഫ്, സ്കൗട്ട് അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന മീലാദ് ഘോഷയാത്ര കൈകമ്പ നയാബസാറില്‍ ചുറ്റി ഉപ്പളയില്‍ സമാപിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് ഉപ്പള ടൗണില്‍ ഹുബ്ബു റസൂല്‍ സമ്മേളനം നടക്കും. മഞ്ചനാടി അബ്ബാസ് മുസ്ല്യാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് ഉല്‍ഘാടനം ചെയ്യും. അസ്സയ്യിദ് അബ്ദര്‍ റഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.
വിവിധ പ്രകാശനങ്ങള്‍ക്ക് മഞ്ചേശ്വരം എം.എല്‍.എ.,പി.ബി.അബ്ദുര്‍ റസാഖ് നേതൃത്വം നല്‍കും. സമ്മേളനത്തില്‍ റിപ്പബ്ലിക് ദിന പ്രതിജ്ഞ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. പ്രമുഖ സാദാത്തുക്കളും, രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് പള്ളങ്കോട് അബ്ദുര്‍ ഖാദര്‍ മദനി, സി.അബ്ദുല്ല മുസ്ലിയാര്, ബായാര്‍ അബ്ദുല്ല മുസ്ലിയാര്, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹസ്ബുള്ള തളങ്കര, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുഹമ്മദലി അസ്ഹനി, ഇബ്രാഹിം ഹാജി, ഹനീഫ് ഗോള്‍ഡ് കിംഗ്, ബഷീര്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
Keywords: Bayar, Conference, Birthday, Kasaragod, Office- Bearers, Press meet, Leader, Uppala, Inaguration, Republic day celebrations, Kerala.