നാടും നഗരവും ഓണാഘോഷ ലഹരിയില്‍
Aug 23, 2012, 23:34 IST
കാസര്‍കോട്: നാടും നഗരവും ഓണാഘോഷ ലഹരിയിലമര്‍ന്നു. ക്ലബുകളും, സാംസ്കാരിക സംഘടനകളും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും ഓണപ്പരിപാടികള്‍ നടന്നു വരുന്നു.
വ്യാഴാഴ്ച കാസര്‍കോട് പുലിക്കുന്നില്‍ പി.ഡബ്ല്യു.ഡി റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടി ഏറെ ശ്രദ്ധേയമായി. വിവിധ പി.ഡബ്ല്യു.ഡി ഓഫീസുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടികളില്‍ സജീവമായി പങ്കെടുത്തു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങളും നല്കി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകളും നല്കി.
കാസര്‍കോട് കലക്ട്രേറ്റിലും കോടതിയിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കള മത്സരങ്ങളാണ് എല്ലാ പരിപാടികളിലും മുഖ്യ ഇനം. മലയാളത്തനിമയുള്ള വേഷങ്ങളുമായാണ് സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളും, ജീവനക്കാരും പരിപാടിക്ക് എത്തുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയും പലയിടത്തും ഒരുക്കിയിരുന്നു.
ഓണാഘോഷങ്ങളില്‍ പൂക്കളങ്ങളൊരുക്കാന്‍ മറുനാടുകളില്‍ നിന്നും ഇഷ്ടം പോലെ പൂക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജമന്തി, വാടാര്‍മല്ലി തുടങ്ങിയ പൂക്കളാണ് പ്രധാനമായും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് പൂക്കളമൊരുക്കാന് എത്തിക്കുന്നത്. തുമ്പപ്പൂ, കാക്കപ്പൂ, തെച്ചിപ്പൂ, ഹനുമാന് കിരീടം, കണ്ണന്താളി തുടങ്ങിയ ഓണപ്പൂക്കളെല്ലാം ഇന്ന് വിസ്മൃതിയിലാണ്. ഗ്രാമങ്ങളില്‍ മാത്രമാണ് ഇത്തരം പൂക്കള്‍ കൊണ്ട് ഇന്ന് ഓണപ്പൂക്കളം തീര്‍ക്കുന്നത്. നഗരങ്ങളിലുള്ളവര്‍ക്ക് വില കൊടുത്ത് വാങ്ങുന്ന മറുനാടന്‍ പൂക്കള്‍ മാത്രമാണ് ആശ്രയം. ഓണസദ്യപോലും ഓര്‍ഡര്‍ ചെയ്താല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുണ്ട്. വാഴയില കിട്ടാതായതോടെ ഓണസദ്യ പേപ്പര്‍ ഇലയില്‍ വിളമ്പേണ്ട സാഹചര്യവും പലയിടത്തും ഉണ്ടാകുന്നുണ്ട്.
Keywords: Onam-celebration, PWD-office, Festival, Kasaragod