Inauguration | കണ്ണിന്റെ പ്രശ്‌നങ്ങൾക്ക് ഇനി ഇവിടെ തന്നെ പരിഹാരം; പ്രശസ്തമായ പ്രസാദ് നേത്രാലയ കാസർകോട്ട് പ്രവർത്തനം ആരംഭിച്ചു; ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങൾ
തിമിരം, ഗ്ലോകോമ തുടങ്ങിയ നേത്ര രോഗങ്ങൾക്കുള്ള ആധുനിക ചികിത്സ 2002-ൽ ഉഡുപ്പിയിൽ ആരംഭിച്ച സ്ഥാപനമാണ്.
കാസർകോട്: (KasargodVartha) ആരോഗ്യ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രശസ്തമായ പ്രസാദ് സൂപർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ കേന്ദ്രം കാസർകോട്ട് പ്രവർത്തനം ആരംഭിച്ചു. നേത്ര സംബന്ധമായ വിവിധ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ആശുപത്രി ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും.
2002-ൽ ഉഡുപിയിൽ ആരംഭിച്ച പ്രസാദ് നേത്രാലയ, കർണാടകയിലും ഗോവയിലും വിജയകരമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 22 വർഷങ്ങളായി നേത്ര ചികിത്സയിൽ അനുഭവ സമ്പത്തുള്ള ഈ സ്ഥാപനം, ഇപ്പോൾ കാസർകോട്ടും ജനങ്ങൾക്ക് സേവനം നൽകുന്നതിനായി എത്തിയിരിക്കുകയാണ്.
കാസർകോട് നഗരത്തിലെ താലൂക് ഓഫീസ് പരിസരത്തുള്ള ട്രാഫിക് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന പ്രസാദ് നേത്രാലയയുടെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ചിന്മയാ മിഷൻ റീജിയണൽ ഹെഡ് ശ്രീ ശ്രീ സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഓപറേഷൻ തീയറ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.
തിമിരം, റെറ്റിന, ഗ്ലോക്കോമ, കോങ്കണ്ണ്, കുട്ടികളുടെ നേത്രചികിത്സ, കൃഷ്ണമണി സംബന്ധമായ ചികിത്സ, ലേസർ ചികിത്സ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ കോണ്ടാക്‌ട് ലെൻസ് ക്ലിനികും, തിമിരം നീക്കം ചെയ്യുന്ന ലാസിക് സ്റ്റൈൽ വഴി കണ്ണട ആവശ്യമില്ലാത്ത ചികിത്സ, നൂതന സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ണിന്റെ തിമിരത്തിനുള്ള ആധുനിക ചികിത്സ എന്നിവയ്ക്കും നേത്ര സംബന്ധമായ എല്ലാ വിധ പ്രശ്നങ്ങൾക്കും ഒരു കുടക്കിഴിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രസാദ് നേത്രാലയ, സഹോദര സ്ഥാപനമായ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് സൗജന്യ നേത്ര ചികിത്സാ കാംപുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇനി മുതൽ ഇപ്രകാരമുള്ള സൗജന്യ നേത്ര ചികിത്സാ കാംപുകൾ കാസർകോട് പ്രസാദ് നേത്രാലയ വഴിയും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രസാദ് നേത്രാല സ്ഥാപനങ്ങളുടെ മെഡികൽ ഡയറക്‌ടർ ഡോ. കൃഷ്ണ പ്രസാദ് കുഡ്‌ലെയുടെ ജന്മ സ്ഥലമാണ് കാസർകോട് എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബേഗം, നഗരസഭ പ്രതിപക്ഷ നേതാവ് പി രമേശ്, നഗരസഭാംഗം ശ്രീലത എം, സൺഫ്ലവർ കെട്ടിടം ഉടമ ഖമറുദ്ദീൻ, കോൺട്രാക്റ്റർ കെ മാഹിൻ, വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനും പ്രസാദ് നേത്രാലയ ഡയറക്‌ടറുമായ രഘുറാം റാവു, പ്രസാദ് നേത്രാലയ സ്ഥാപനങ്ങളുടെ മെഡികൽ ഡയറക്‌ടർ ഡോ. കൃഷ്ണ പ്രസാദ്, ഡയറക്‌ടർ രശ്മി കൃഷ്ണ പ്രസാദ്, കാസർകോട് പ്രസാദ് നേത്രാലയയുടെ ഡയറക്‌ടർമാരായ ഡോ. വൃന്ദ വിശ്വനാഥൻ, ഡോ. ജേക്കബ് ചാക്കോ, ഡോ. ശിബിൻ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
#PrasadEyeHospital #Kasargod #EyeCare #Ophthalmology #Kerala #India