Solution | കാസർകോട്ടെ വൈദ്യുതി പ്രശ്‌നങ്ങൾക്ക് പരിഹാരം: മന്ത്രിയുടെ ഇടപെടൽ
● യോഗത്തിൽ വൈദ്യുതി മന്ത്രി, ജില്ലയിലെ എംഎൽഎമാരും, കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു.
● കുറ്റിക്കോൽ സബ്സ്റ്റേഷന്റെ പ്രവർത്തനം ഒരു വർഷം കൊണ്ട് പൂർത്തിയാക്കും.
തിരുവനന്തപുരം: (KasargodVartha) കാസർകോട് ജില്ലയിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നടന്ന ഉന്നതതല യോഗത്തിൽ നിരവധി പ്രധാന തീരുമാനങ്ങൾ എടുത്തതായി അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ എംഎൽഎമാരും കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാസർകോട്ടെ വൈദ്യുതി മേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ടതാണ്. കണ്ണൂരിലുള്ള ട്രാന്‍സ്മിഷന്‍ സര്‍ക്കില്‍ ഓഫീസാണ് ജില്ലയിലെ പ്രവർത്തനങ്ങൾ കൂടി കൈകാര്യം ചെയ്യുന്നത്. ജില്ലയിൽ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഓഫീസ് വേണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചതാണ്. ഇന്നത്തെ യോഗത്തിൽ കണ്ണൂർ സർക്കിള്‍ ഓഫീസിന്റെ എ.ആർ.യു. സ്റ്റേഷൻ കാസറഗോഡ് ഡിവിഷൻ ഓഫീസിന്റെ ഭാഗമായി അനുവദിക്കുന്നതിന് തീരുമാനിച്ചു. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ഓഫീസ് കൈകാര്യം ചെയ്യും.
മലയോരമേഖലയിലെ വോള്‍ട്ടേജ് പ്രശ്നത്തിന് പരിഹാരമായി ആവശ്യപ്പെട്ടിരുന്ന കുറ്റിക്കോൽ സബ്സ്റ്റേഷന്റെ പ്രവർത്തനം ഒരു വർഷം കൊണ്ട് പൂർത്തിയാക്കും. മൈലാട്ടി-വിദ്യാനഗർ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈൻ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി ആറ് മാസം കൊണ്ട് പൂർത്തീകരിക്കും.
ഉഡുപ്പി-കരിന്തളം 400 കെ.വി. ലൈനിന്റെ പ്രവൃത്തി ഭൂവുടമകളുടെ നഷ്ടപരിഹാര പ്രശ്നവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് വച്ച് സമരസമിതി നേതാക്കളുമായി ചർച്ച നടത്തുന്നതിന് തീരുമാനമായി. 110 കെ.വി. ശേഷിയുള്ള വിദ്യാനഗർ സബ്സ്റ്റേഷൻ 220 കെ.വി. സബ്സ്റ്റേഷനായി ഉയർത്തും. 33 കെ.വി. ബേളൂർ സബ്സ്റ്റേഷൻ 110 കെ.വി. ആയി ഉയർത്തുന്നതിന് ആറ് മാസത്തിനകം നടപടി സ്വീകരിക്കും.
യോഗത്തിൽ എം.എൽ.എ.മാരായ സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എ.കെ.എം.അഷറഫ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐ.എ.എസ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ പി.സുരേന്ദ്ര (ഡയറക്ടർ, ഡിസ്ട്രിബ്യൂഷൻ), സജി പൗലോസ് (ഡയറക്ടർ, പ്രസരണ വിഭാഗം), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കാസറഗോഡ് എന്നിവർ പങ്കെടുത്തു.
ഇതോടെ കാസറഗോഡ് ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനം ഗണ്യമായി മെച്ചപ്പെടുമെമെന്നും, ജില്ലയുടെ വികസനത്തിന് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും പ്രതീക്ഷിക്കാം.
#kasargod #power #electricity #kerala #development #infrastructure #government #KSEB