പോലീസ് പീഢനം: മണല്‍വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
May 25, 2012, 15:23 IST
കാസര്‍കോട്: പോലീസ് അധികൃതര്‍ തുടരുന്ന പീഢനങ്ങള്‍ക്കെതിരെ മണല്‍വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അനധികൃത മണലെടുപ്പിനെതിരെ കണ്ണടക്കുന്ന കാസര്‍കോട് തീരദേശ സ്റ്റേഷനിലെ പോലീസുകാര്‍ നിയമാനുസൃതം മണലെടുക്കുന്ന തൊഴിലാളികളെ നിരന്തരം പീഢിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം പള്ളംകടവിലേക്ക് മണലെടുക്കുകയായിരുന്ന തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്യുകയും പോര്‍ട്ട് രജിസ്ട്രേഷനുള്ള ഏഴ് തോണികളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേസമയത്ത് അനധികൃതമായി മണെലെടുക്കുകയായിരുന്ന രണ്ട് തോണികളെ വിട്ടയക്കുകയും ചെയ്തു. അനധികൃതമണലൂറ്റുകാരില്‍ നിന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ വന്‍തുക മാസപ്പടി വാങ്ങുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. മണല്‍ വിലയുടെ 30 ശതമാനം മുന്‍കൂറായി സര്‍ക്കാറിലേക്ക് അടച്ച് നിയമാനുസൃതം മണലെടുക്കന്നവരാണ് പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്സ് അസോസിയേഷന്റെ കീഴിലുള്ള തൊഴിലാളികള്‍. സര്‍ക്കാറിലേക്ക് എല്ലാ നികുതികളും നല്‍കി പണിയെടുക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പീഢിപ്പിക്കുന്നത്.
എന്നാല്‍ ദിനംപ്രതി ടണ്‍കണക്കിന് മണല്‍ അനികൃതമായി ഊറ്റിയെടുക്കുന്നവര്‍ക്ക് പോലീസ് കാവല്‍നില്‍ക്കുകയും ചെയ്യുന്നു. പോലീസിന്റെ തെറ്റായ നിലപാടിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നിയമ നടപടിയുമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് കാസര്‍കോട് ജില്ലാ പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്സ് അസോസിയോഷന്‍ പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്നും സെക്രട്ടറി വി.വി. ചന്ദ്രനും അറിയിച്ചു.
Keywords: Port dredging workers association, Protest, Sand, Police, Harrasment, Kasaragod