city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 28.11.2014) ജില്ലയിലെ മലയോര ഗ്രാമത്തില്‍ നിന്നും വന്നതാണ് 67 വയസുകഴിഞ്ഞ ചോയിച്ചിയമ്മ. മകളുടെ പ്രസവത്തിനായാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. സ്വകാര്യ ആശുപത്രികളിലെ കഴുത്തറപ്പന്‍ ഫീസ് താങ്ങാനാവാത്തതിനാലാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവര്‍ ഇവിടെയെത്തിയത്.

വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് വന്ന ജീപ്പിന്റെ വാടക കടം പറഞ്ഞ് ആശുപത്രിയുടെ പടി കയറുമ്പോള്‍ മടിക്കുത്തില്‍ പത്തും അമ്പതും നൂറിന്റെയും നോട്ട് ചുരുട്ടികൂട്ടിയ 980 രൂപയുണ്ടായിരുന്നു. രണ്ട് ദിവസത്തെ ഭക്ഷണത്തിനും പുറത്തുനിന്നുള്ള മരുന്നിനുമായി കുറേ പണം ചെലവായി. ഒടുവില്‍ മകള്‍ക്ക് സിസേറിയന്‍ വേണ്ടിവരുമെന്ന് ഉറപ്പായതോടെ അനസ്‌തേഷ്യയ്ക്ക് ചുരുങ്ങിയത് 500 രൂപ ചിലവാകുമെന്ന് അറിഞ്ഞതോടെയാണ് ഈ അമ്മ ഞെട്ടിയത്.

എവിടെ നിന്ന് അതിനുള്ള പണം കണ്ടെത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചിലവില്ലാതെ പ്രസവിക്കാനാവും എന്ന ഉപദേശം കേട്ടാണ് ഈ അമ്മയും മകളും മലയോരത്തു നിന്ന് ജീപ്പ് കയറി കാസര്‍കോട്ടെത്തിയത്. ഇത് ജനറലാശുപത്രി മുറ്റത്തെ അപൂര്‍വ്വം കാഴ്ചകളല്ല. പുതിയ കാഴ്ചയുമല്ല. ഈ കണ്ണീര്‍ തോരാത്ത കാഴ്ചകള്‍ക്ക് മുന്നില്‍ കണ്ണടക്കാനാവില്ല...

സ്ഥലപ്പേര് വിദ്യാനഗര്‍ എന്നാണെങ്കിലും ആര്‍ക്കും വലിയ വിവരമില്ലെന്ന മട്ടിലാണ് ഇവിടെയുള്ള സ്വകാര്യ ആശുപത്രികളുടെ പെരുമാറ്റം. വയറു വേദന കാരണം രണ്ട് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്ന രോഗിയുടെ ബന്ധുവിന് ഡിസ്ചാര്‍ജ് സമയത്ത് കിട്ടിയ ബില്ല് കണ്ടപ്പോള്‍ അത്ഭുതവും അമ്പരപ്പും. ഒരു തുണ്ട് കടലാസില്‍ 3780 രൂപ എന്ന് എഴുതിയിരിക്കുന്നു. കംപ്യൂട്ടര്‍ ബില്ല് കൊടുക്കാറില്ലെ എന്ന് അന്വേഷിച്ചപ്പോഴാണ് വീണ്ടും ഞെട്ടിയത്.

അത് ബില്ലടച്ച ശേഷം മാത്രമേ നല്‍കു. അതെന്ത് ഏര്‍പാടാണെന്ന് അന്വേഷിച്ചപ്പോള്‍, ഇവിടത്തെ രീതി ഇങ്ങനെയാണെന്ന മറുപടിയാണ് ലഭിച്ചത്. തര്‍ക്കിക്കാന്‍ സമയം ഇല്ലാത്തതിനാലും ബന്ധുവിനെയും കൊണ്ട് വീട്ടിലെത്തേണ്ടതിനാലും പണം ക്യാഷ് കൗണ്ടറിലടച്ചു. തുണ്ട് കടലാസില്‍ പെയ്ഡ് എന്ന സീല്‍ വെച്ച് നല്‍കി. ഈ തുണ്ട് കടലാസ് ബില്‍ കൗണ്ടറില്‍ കാണിച്ചപ്പോള്‍ കംപ്യൂട്ടറില്‍ ബില്ല് പ്രിന്റ് ചെയ്തു നല്‍കി.

ബില്ല് കണ്ടപ്പോള്‍ വീണ്ടും ഞെട്ടി (കൂടെകൂടെ ഞെട്ടി എന്ന് ആവര്‍ത്തിക്കേണ്ടിവന്നതിനാല്‍ വായനക്കാര്‍ ക്ഷമിക്കുക, ഞെട്ടിയതിനെ ഞെട്ടിയെന്നല്ലാതെ മറ്റൊന്നും എഴുതാനാവില്ലെല്ലോ). പ്രിന്റ് ചെയ്തുകിട്ടിയ ബില്ലിലുള്ളത് 1760 രൂപ മാത്രം. ബാക്കി തുക പ്രിന്റ് ബില്ലിനൊപ്പം എഴുതി ചേര്‍ത്തു. ആശുപത്രികളുടെ പകല്‍ കൊള്ള ആരു കാണാന്‍... ആര് നടപടിയെടുക്കാന്‍...

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് വരും ദിവസങ്ങളില്‍ കാസര്‍കോട്‌വാര്‍ത്ത...

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia