പിതാവിന്റെ കടബാധ്യത: പൂജയും തേജശ്രീയും ജീവിത വഴിയില്‍ പതറുന്നു
Sep 14, 2012, 17:52 IST
മൊഗ്രാല്‍പുത്തൂര്‍: ജീവിത വഴിയില്‍ പതറുകയാണ് മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ പൂജയും, തേജശ്രീയും. തലചായ്ക്കുന്ന അടച്ചുറപ്പില്ലാത്ത കൂരപോലും ജപ്തി ചെയ്യാനുള്ള നീക്കമാണ് ഈ കുരുന്നുകളുടെ ജീവിതമോഹത്തിന് വിഘാതമാകുന്നത്. അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരുത്തിവെച്ച കടബാധ്യതയിലാണ് കിടപ്പാടം പോലും ഇല്ലാതാക്കുന്നത്.
അച്ഛന്റെ മരണത്തോടെ ജീവിതം തള്ളിനീക്കാന്‍ പെടാപാടുപെടുന്ന ഇവര്‍ ജപ്തിഭീഷണിയോടെ ആകെ തകര്‍ന്നിരിക്കുകയാണ്. അച്ഛന് സുരേന്ദ്രന് ഹൗസിംഗ് ബോര്‍ഡില്‍ നിന്നെടുത്ത് വായ്പയാണ് ഇവര്‍ക്ക് വിനയായത്. സുരേന്ദ്രന് 2008ല്‍ അസുഖബാധിതനായി മുംബൈയില്‍ വെച്ച് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ അച്ഛന്റെ മുഖം അവസാനമായി ഒരു നോക്കു കാണാനും ഈ കുരുന്നുകള്‍ക്ക് ഭാഗ്യമുണ്ടായിരുന്നില്ല. മൃതദേഹം മുംബൈയില്‍ തന്നെ സംസ്ക്കരിക്കുകയായിരുന്നു.
ക്ഷയരോഗിയായ അമ്മ മാലതിക്ക് ബീഡിതെറുത്ത് 150 രൂപ ആഴ്ച കൂലിയായി കിട്ടും . ഈ തുക കൊണ്ടാണ് ജീവിതം. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പൂജ അവധി ദിവസങ്ങളില്‍ സിമന്റ് കട്ട നിര്‍മാണ കമ്പനിയില്‍ തൊഴിലെടുത്ത് ലഭിക്കുന്ന തുക കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്.
നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച ഒറ്റ മുറി കൂരയിലാണ് പ്രായപൂര്‍ത്തിയായ മക്കളെയും കൊണ്ട് മാലതി അന്തിയുറങ്ങുന്നത്. തേജശ്രീ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇളയ സഹോദരി ഗീതാഞ്ജലി ബന്ധുവീട്ടിലാണ് വളരുന്നത്. സുരേന്ദ്രന് വീടും പുരയിടവും പണയപ്പെടുത്തി എടുത്ത വായ്പയാണ് ജപ്തിഭീഷണിക്കിടയാക്കിയത്.
മുതലും പലിശയുമടക്കം 1,80,000 രൂപ ഇവര്‍ അടക്കണം. കുടുംബത്തിന്റെ ദയനീയാവസ്ഥ ഹൗസിംഗ് ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കാന് സ്കൂള്‍ പി.ടി.എ തീരുമാനിച്ചിട്ടുണ്ട്. ബാധ്യത എഴുതി തള്ളിയാല്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സഹപാഠികളും അധ്യാപകരും ആലോചിച്ചു വരികയാണ്.
-സി. രാമകൃഷ്ണന്
-സി. രാമകൃഷ്ണന്
Keywords: Bank Loans,Father, Mogral Puthur, Mumbai, Students, House, PTA, Kasaragod, Kerala, Dept