city-gold-ad-for-blogger

സൗഹാര്‍ദ്ദ സന്ദേശവുമായി പൊന്‍പുലരി ക്യാമ്പ്

കാസര്‍കോട്: (www.kasargodvartha.com 10/04/2015) കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ പൊന്‍പുലരി കുട്ടികളുടെ കൂട്ടായ്മ  പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും ഇത് ഐക്യവും മതസൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതോടൊപ്പം കുട്ടികളെ നല്ല പൗരന്‍മാരാക്കുകയും ചെയ്യുന്നുവെന്ന് പെരിയയില്‍ നടത്തിയ പൊന്‍പുലരി ഏകദിനക്യാമ്പിന്റെ മുഖാമുഖം പരിപാടിയില്‍  കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിംഗ്  പറഞ്ഞു.  . കുട്ടികളില്‍ മതസൗഹാര്‍ദ്ദം  വളര്‍ത്തിയാല്‍  ഒരു നല്ല നാളെയായിരിക്കും നമ്മളെ കാത്തിരിക്കുന്നത്.  ജില്ലാ പോലീസ് വകുപ്പ് ജനമൈത്രി പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും  സഹകരണത്തോടെ നടപ്പിലാക്കുന്ന പൊന്‍പുലരി പദ്ധതിയുടെ ഭാഗമായി  ഒമ്പതാം തരം വിദ്യാര്‍ത്ഥികള്‍ക്ക്  പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  നടത്തിയ ക്യാമ്പിന്റെ ഭാഗമായാണ് മുഖാമുഖം സംഘടിപ്പിച്ചത്.

മുഖാമുഖം പരിപാടിയില്‍ ഋഷിരാജ് സിംഗിനോടൊപ്പം ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവും പങ്കെടുത്തു.  നിങ്ങളുടെ കുറവുകളിലേക്ക് നോക്കാതെ കഴിവുകളിലേക്ക് നോക്കൂ നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കിയാല്‍ മാത്രമേ വിജയത്തിന്റെ പാരമ്യതയിലെത്താന്‍ പറ്റൂ. നിങ്ങളുടെ കഴിവുകള്‍ മറ്റുളളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് യഥാര്‍ത്ഥ ജീവിതവിജയമെന്ന് ജോബി മാത്യു അഭിപ്രായപ്പെട്ടു.  വൈകല്യങ്ങളെ അതിജീവിച്ചാണ് ജോബി മാത്യു അന്തര്‍ദേശീയ പഞ്ചഗുസ്തി  മത്സരവേദിയില്‍ തിളങ്ങിയത്.

ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന  പൊന്‍പുലരി ഏകദിനക്യാമ്പ്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണകുമാര്‍ പൊന്‍പുലരി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  പുല്ലൂര്‍-പെരിയ പഞ്ചായത്ത്  പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, ഡിവൈഎസ്പി മാരായ കെ. ദാമോദരന്‍, ഹരിശ്ചന്ദ്രനായിക്, ടിപി രഞ്ജിത്ത്, മധുസൂദനന്‍, ഡിഡിഇ സി. രാഘവന്‍, എഇഒ പി. രവീന്ദ്രനാഥന്‍, ഹെഡ്മാസ്റ്റര്‍ വി.ജെ സ്‌കറിയ, പൊന്‍പുലരി പ്രൊജക്ട് കോഡിനേറ്റര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് നാടന്‍പാട്ട്, ആലാമിക്കളി, ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 37 വിദ്യാലയങ്ങളിലെ 300ഓളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികളില്‍ ഐക്യവും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി ജില്ലാ പോലീസ് വകുപ്പ് ആവിഷ്‌ക്കരിച്ച തനതായ പദ്ധതിയാണ് പൊന്‍പുലരി.
സൗഹാര്‍ദ്ദ സന്ദേശവുമായി പൊന്‍പുലരി ക്യാമ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia