Criticism | വനം മന്ത്രിയുടെ പരിപാടിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് അവഗണനയെന്ന് ആരോപണം; എൻസിപി (എസ് പി) ജില്ലാ പ്രസിഡന്റ് ഇറങ്ങിപോയി

● സിപിഎം, സിപിഐ നേതാക്കളും പ്രതിഷേധം അറിയിച്ചു
● ജനപ്രതിനിധികൾക്കും വേദിയിൽ പരിഗണന ലഭിച്ചില്ല
● സിപിഐ നേതാവ് പ്രതിഷേധം ഡിഎഫ്ഒയുടെ മുന്നിൽ നേരിട്ട് പ്രകടിപ്പിച്ചു.
വെള്ളരിക്കുണ്ട്: (KasargodVartha) വനം മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത വെള്ളരിക്കുണ്ടിലെ വനം വകുപ്പ് പരിപാടിയിൽ നിന്ന് എൻസിപി (എസ് പി) ജില്ലാ പ്രസിഡന്റ് കരീം ചന്തേരയും, സിപിഎം എളേരി ഏരിയാ സെക്രട്ടറി എ അപ്പുകുട്ടനും ഇറങ്ങിപ്പോയി. കൂടാതെ പരിപാടിയിൽ, വെള്ളരിക്കുണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ജില്ലാ പഞ്ചായത്ത് അംഗവും, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി.
വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവഗണനയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് നേതാക്കൾ വേദി വിട്ടത് എന്നായിരുന്നു ബന്ധപ്പെട്ടവരുടെ പ്രതികരണം. പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ എത്തിയ മന്ത്രിയെ സ്വീകരിച്ച് വേദിയിൽ ഇരുന്ന കരീം ചന്തേരയ്ക്ക് സ്വാഗതം പോലും പറഞ്ഞില്ല. സിസിഎഫ് ദിവ്യയാണ് സ്വാഗതം പറഞ്ഞത്. പിന്നീട്, ഹാളിലുണ്ടായിരുന്ന മറ്റൊരു പാർട്ടി ഭാരവാഹി കുറിപ്പ് നൽകിയ ശേഷമാണ് അവസാനക്കാരനായി കരീം ചന്തേരയ്ക്ക് സ്വാഗതം പറഞ്ഞത് എന്നാണ് വിമർശനം.
ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇരിക്കാൻ ആർക്കും കസേര പോലും വേദിയിൽ ഉണ്ടായിരുന്നില്ല. സീറ്റ് കിട്ടാത്തതിനാൽ സിപിഎം, സിപിഐ പ്രതിനിധികളും പുറത്ത് നിൽക്കുകയായിരുന്നു. സിപിഐ നേതാവ് കെ എസ് കുര്യാക്കോസ് പരിപാടിക്ക് ശേഷം തന്റെ പ്രതിഷേധം ഡിഎഫ്ഒയുടെ മുന്നിൽ നേരിട്ട് പ്രകടിപ്പിച്ചു. കേരള കോൺഗ്രസ് നേതാവ് ജെറ്റോ ജോസഫും, മുസ്ലിം ലീഗിലെ എസിഎ ലത്തീഫും അർഹിച്ച പ്രാധാന്യം ലഭിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Political leaders protested the lack of respect shown to them at a function attended by the Forest Minister in Vellarikundu. Leaders including the NCP district president walked out in protest.
#KeralaPolitics, #ForestMinister, #Protest, #Vellarikundu, #PoliticalLeaders, #NCP