Attack | 'മാതാവിന് ഭീഷണി; പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ എസ്‌ഐയുടെ കൈ കടിച്ചുമുറിച്ചു'; പ്രതി അറസ്റ്റില്‍
● വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഘവന്‍ മണിയറയെ അറസ്റ്റ് ചെയ്തു.
● പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ആക്രമണം.
● എസ്‌ഐ അരുണ്‍ മോഹന്റെ കയ്യില്‍ ആഴത്തില്‍ പരുക്കേറ്റു.
വെള്ളരിക്കുണ്ട്: (KasargodVartha) പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഘവന്‍ മണിയറ (50) എന്നയാളെ അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് എസ്‌ഐ അരുണ്‍ മോഹനാണ് അക്രമത്തിനിരയായത്. ഞായറാഴ്ച വൈകുന്നേരം 5.40 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
80 വയസുള്ള മാതാവ് വെള്ളച്ചിയെയും മറ്റൊരു മകനെയും രാഘവന്‍ ഭീഷണിപ്പെടുത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് എസ്‌ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഭീഷണിയുടെ കാരണം അന്വേഷിക്കുന്നതിനിടെ, പ്രകോപിതനായ രാഘവന്‍ എസ്‌ഐയുടെ വലതുകയ്യില്‍ ആഴത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്ന് പൊലീസുകാര്‍ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ് പ്പെടുത്തുകയായിരുന്നു. എസ്‌ഐ അരുണ്‍ മോഹന്‍ ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
#Kerala #Kasargod #policeattack #domesticviolence #arrest #crime #India