Humanity | മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി പൊലീസിന്റെ സ്നേഹ സ്പർശം
● വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസാണ് സ്നേഹസ്പർശം ചൊരിഞ്ഞത്.
● പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് സദ്യ നടന്നത്.
● വിവിധ ഭാഷകൾ സംസാരിക്കുന്ന അമ്മമാരാണ് ഇവിടെ താമസിക്കുന്നത്.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) മക്കളും ബന്ധുക്കളും ഉപേക്ഷിച്ച, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന 20 ഓളം അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസ്. 60 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ അമ്മമാർ കഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസ് വിഭവസമൃദ്ധമായ ഓണസദ്യയുമായി എത്തിയത്.
പതിവുപോലെ ഉച്ചഭക്ഷണത്തിനായി ഇരുന്നവരുടെ മുന്നിലേക്ക് കാക്കി അണിഞ്ഞവർ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ പലർക്കും മക്കളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും പൊലീസിനോട് പരാതികളും പറയാൻ ഉണ്ടായിരുന്നു. സദ്യവിളമ്പി അമ്മമാരെ കഴിപ്പിച്ചും അവർക്ക് മകന്റെ സ്നേഹവാൽസല്യത്തോടെ സ്‌നേഹം ഭാഷകൾ ചോരിഞ്ഞും ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ കൂടെ നിന്നപ്പോൾ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു.
തലോടിയും ആശ്വസിപ്പിച്ചും ഒടുവിൽ കൈപിടിച്ച് അവരവരുടെ മുറികളിലേക്ക് കൊണ്ട് വിട്ടതിനു ശേഷമാണ് പൊലീസുകാർ മടങ്ങിയത്. ആരോരുമില്ലാത്ത അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഹോളി ട്രിനിറ്റി പുവർ ഹോമിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ റോസിറ്റ സ്വീകരിച്ചു. വെള്ളരിക്കുണ്ട് ഗാന്ധി ഭവനിലെ അന്തേവാസികൾക്കും വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസ് ഓണസദ്യ നൽകി.
#KeralaPolice #Humanity #Onam #ElderlyCare #SocialService