കാസര്‍കോട്ടെത്തിയ രമേശ് ചെന്നിത്തലയ്ക്ക് വന്‍ സുരക്ഷ
Jul 8, 2012, 12:50 IST
കാസര്‍കോട്: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ അനുവദിച്ച രണ്ട് ഗാര്‍ഡുമാര്‍ ചെന്നിത്തലയ്‌ക്കൊപ്പം സദാ ജാഗരൂഗരായുണ്ട്. ഇത് കൂടാതെ കാസര്‍കോട് പോലീസും ചെന്നിത്തലയ്ക്ക് സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
ചെന്നിത്തലയെ വധിക്കാന്‍ മുംബൈയില്‍ നിന്നും രണ്ട് പേര്‍ പുറപ്പെട്ടിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് ചെന്നിത്തലയ്ക്ക് സുരക്ഷ ശക്തമാക്കിയത്. ചെന്നിത്തലയ്ക്ക് നേരെയുണ്ടായ ഭീഷണി സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് സ്വമേധയ കേസെടുക്കുകയും, കേസന്വേഷണം കാസര്‍കോട് എ.എസ്.പി., ടി.കെ. ശിബുവിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കാസര്‍കോട്ടെ പരിപാടികള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര വകുപ്പ് കാസര്‍കോട് പോലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ചെന്നിത്തലയുടെ കാസര്‍കോട്ടെ പരിപാടിയില്‍ സിവില്‍ പോലീസിന് പുറമേ മഫ്ടിയിലും പോലീസിനെ വിന്യസിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ചെന്നിത്തലയുടെ പരിപാടി ശക്തമായി തന്നെ വീക്ഷിക്കുന്നുണ്ട്.
കന്നഡ-കൊങ്കിണി ഭാഷ കലര്‍ന്ന മലയാളത്തിലാണ് ഭീഷണി വിവരം അറിയിച്ചവര്‍ സംസാരിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് സംഘത്തിലെ ചിലര്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിവരികയാണ്. കര്‍ണ്ണാടകയിലെ ഒരു ഹോട്ടല്‍ നിന്നാണ് ഡല്‍ഹിയിലെ രണ്ട് ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നത്.
Photo: Zubai Pallikkal
Keywords: Police protection, Ramesh Chennithala, Kasaragod