Theft | ചെമ്മനാട് പഞ്ചായത് ഓഫീസില്‍ കള്ളന്‍ കയറി; പൊലീസ് അന്വേഷണം തുടങ്ങി
മേല്‍പറമ്പ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉച്ചവരെ ഓഫീസിനകത്ത് കയറിയിട്ടില്ല.
മോഷ്ടാക്കള്‍ വാഹനത്തിലാണ് എത്തിയതെന്ന് സംശയിക്കുന്നു.
കാസര്‍കോട്: (KasargodVartha) ചെമ്മനാട് പഞ്ചായത് ഓഫീസില്‍ കള്ളന്‍ കയറി. വ്യാഴാഴ്ച (06.06.2024) രാവിലെ 9.15 ന് പഞ്ചായത് അസിസ്റ്റന്റ് സെക്രടറിയും ഹെഡ് ക്ലര്‍ക്കും ഓഫീസില്‍ എത്തിയപ്പോഴാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. ഓഫീസ് തുറന്ന് കിടക്കുന്നതുകണ്ട് ശുചീകരണ തൊഴിലാളി അകത്തുണ്ടാവുമെന്ന് കരുതി ഇവര്‍ അകത്ത് കയറി.
അപ്പോഴാണ് ശുചീകരണ തൊഴിലാളി ബസിറങ്ങി വരുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. ഇവരെല്ലാവരും അകത്തുകയറി നോക്കിയപ്പോള്‍, രേഖകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും പണം സൂക്ഷിക്കുന്ന പെട്ടിയും തുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ പഞ്ചയത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു.
മേല്‍പറമ്പ് പൊലീസും പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉച്ചവരെ ഓഫീസിനകത്ത് കയറിയിട്ടില്ല. പണമോ, രേഖകളോ, മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടിട്ടുണ്ടൊയെന്ന കാര്യം അറിയണമെങ്കില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുഫൈജ അബൂബകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പൊലീസ് നായ പഞ്ചായത് ഓഫീസില്‍നിന്നും മണം പിടിച്ച് തൊട്ടടുത്ത മൊതാനത്തില്‍ ചുറ്റികറങ്ങുക മാത്രമാണ് ചെയ്തത്. മോഷ്ടാക്കള്‍ വാഹനത്തിലാണ് എത്തിയതെന്ന് സംശയിക്കുന്നു. ഈ ഭാഗത്ത് സിസിടിവി കാമറ സ്ഥാപിച്ചിട്ടില്ല. പുതിയ പഞ്ചായത് ഓഫീസ് നിര്‍മിച്ച ശേഷം അവിടെ കാമറ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.