സത്യഗ്രഹിയുടെ ആരോഗ്യം മോശം; അറസ്റ്റ് ചെയ്യാനുള്ള നീക്കം സമരക്കാര്‍ ചെറുത്തു
Mar 9, 2013, 20:29 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ 20 ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തില്‍ ആറു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന എ. മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലീസിന്റെ ശ്രമം സമരക്കാര്‍ തടഞ്ഞു. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് ടൗണ്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ മോഹന്‍കുമാറിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കാന്‍ ആംബുലന്‍സുമായി എത്തിയത്. തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ച് അവശനാണെന്ന് പറഞ്ഞാല്‍ മാത്രമേ താന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറുള്ളൂവെന്നും മോഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ മോഹന്‍കുമാറിനെ രാവിലെ ഡോക്ടര്‍ പരിശോധിക്കുകയും അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് തങ്ങള്‍ വന്നതെന്നും പോലീസുകാര്‍ പറഞ്ഞു.
20 ദിവസമായി തുടരുന്ന നിരാഹാര സമരത്തില്‍ നേരത്തെ നിരാഹാരമനുഷ്ഠിച്ച പി. കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അവര്‍ തീര്‍ത്തും അവശരാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഗാന്ധി മാര്‍ഗത്തില്‍ സമരം ചെയ്യുന്ന സത്യഗ്രഹിയെ ബലമായി ആശുപത്രില്‍ കൊണ്ടു പോകുന്നത് സമരം അടിച്ചമര്‍ത്താനുള്ള അധികൃതരുടെ നീക്കമാണെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.
മോഹന്‍കുമാറിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ സമരപ്പന്തലില്‍ സംഘടിച്ചവര്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം മുഴക്കിയ സമരക്കാര്‍ സമരം ഒത്തുതീര്‍പാക്കാന്‍ അധികൃതര്‍ താല്‍പര്യമെടുക്കാത്തതിനെ അപലപിച്ചു. പിന്നീട് ഡോക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവുമായി കാസര്‍കോട് തഹസില്‍ദാര്‍ ശശിധര ഷെട്ടി സമരപ്പന്തലിലെത്തി ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറാവണമെന്ന് മോഹന്‍ കുമാറിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അദ്ദേഹം തനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും ബലമായി ആശുപത്രിയിലേക്ക് മാറ്റിയാല്‍ ആശുപത്രിയിലും അവസാന ശ്വാസം വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ മുഖ്യ മന്ത്രിയുടെ ഉത്തരവുമായി നേരിട്ട് വന്ന് ചര്‍ച ചെയ്താല്‍ സമരം അവസാനിപ്പിക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാമെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. സമരത്തിന് ആധാരമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി രേഖാമൂലമുള്ള ഉറപ്പ് തരണം. അതല്ലാതെ സമരത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ കൂടുതല്‍ ജനപിന്തുണയോടെ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വന്‍ പോലീസ് സന്നാഹമാണ് സമരപ്പന്തല്‍ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മോഹന്‍കുമാറിനെ എന്തു വന്നാലും ശനിയാഴ്ച അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. അതിനെ ചെറുക്കുമെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആശങ്കാജനകമായ അന്തരീക്ഷമാണ് സമരപ്പന്തലിലും പരിസരത്തും നിലനില്‍ക്കുന്നത്. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ സമരപ്പന്തലിലെത്തി സത്യഗ്രഹിക്ക് അഭിവാദ്യം അര്‍പിച്ചു.