ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവാക്കളെ ചോദ്യം ചെയ്തു
Nov 9, 2012, 18:52 IST

വെള്ളരിക്കുണ്ട്: രണ്ട് യുവാക്കളുടെ ലൈംഗിക പീഡനത്തിനിരയായ നാട്ടക്കല്ലിലെ രജനി (30) ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡന സംഭവം പുറത്തു വന്നതോടെ ഭര്‍ത്താവും മക്കളും ഉപേക്ഷിച്ചതും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടതും മൂലമുണ്ടായ കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് രജനി ആത്മഹത്യ ചെയ്തതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. അതേസമയം പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികളില്‍ നിന്ന് രജനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തി വരുന്നത്.
രജനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വെള്ളരിക്കുണ്ടിലെ ഓമനക്കുട്ടന്‍ എന്ന് വിളിക്കുന്ന പ്രസാദ് (29), ബലാത്സംഗത്തിന് ശ്രമിച്ച വെള്ളരിക്കുണ്ട് ടൗണില്‍ ബാര്‍ബര്‍ഷോപ്പും ബ്യൂട്ടിപാര്‍ലറും നടത്തി വരുന്ന വി എസ് സാജന്‍ (27) എന്നിവര്‍ക്കെതിരെയാണ് നേരത്തെ പോലീസ് കേസെടുത്തിരുന്നത്. സംഭവം പുറത്തായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന രജനി പിന്നീട് വിഷം കഴിക്കുകയായിരുന്നു.
നവംബര്‍ ആറിന് രാവിലെയാണ് രജനി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഏതെങ്കിലും തരത്തില്‍ പ്രതികളുടെ സമീപനം രജനിയുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കില്‍ പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും.
രജനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രസാദിനെയും സാജനെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. രജനിയെ മുമ്പ് സാജന്‍ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു രജനിയെ സാജന്‍ ഭീഷണിപ്പെടുത്തിയിരുന്നത്.
Keywords: Rape, Women, Suicide, Case, Vellarikundu, POlice, Enquiry, Kasaragod, Kerala, Malayalam news