city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴ മറയാക്കി മോഷ്ടാക്കള്‍ വിലസുന്നു; പോലീസ് കേസെടുത്ത് മിണ്ടാതിരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 16.07.2014) മഴ മറയാക്കി കള്ളന്മാര്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി. ഹൈടെക് സൗകര്യങ്ങളും സജീകരണങ്ങളുമായി പട്ടാപ്പകല്‍ പോലും കവര്‍ച്ച നടത്തുന്ന കള്ളന്മാരെ പിടികൂടാനാകാതെ പോലീസ് പരക്കം പായുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് താലൂക്കില്‍ മാത്രം പത്തിലേറെ കവര്‍ച്ചകളാണ് നടന്നത്. കാസര്‍കോട് ചക്കരബസാറിലെ മൂന്നു കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും നടന്നു. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പണവുമാണ് ഇവിടെ നിന്നും മോഷ്ടാക്കള്‍ കൊണ്ടു പോയത്. ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

കടയുടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ എല്ലാം ഒന്ന് കണ്ണോടിച്ച് നോക്കിയ ശേഷം മടങ്ങിയപ്പോവുകയായിരുന്നു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം അതിനപ്പുറം ഒരിഞ്ച് മുന്നോട്ട് പോയില്ല.

കഴിഞ്ഞ ദിവസം മഞ്ചേശ്വരം കൊഡ്‌ലമുഗറുവില്‍ വീട് കുത്തിത്തുറന്ന് ഇരുപത് പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷ്ടാക്കള്‍ കൊണ്ടു പോയി. വീടിന്റെ പിറക് വശത്തെ വരാന്തയിലെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ചും വാതില്‍ തകര്‍ത്തും അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും കള്ളന്മാരുടെ പൊടി പോലും കണ്ടു പിടിക്കാനായില്ല.

കവര്‍ച്ച പതിവാകുന്നതിനിടെ പോലീസിന് ഒരല്‍പം ആശ്വാസം പകര്‍ന്നത് ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു എന്നതാണ്. എറണാകുളം പള്ളുരുത്തി സ്വദേശി എബിനെ (25) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ട്രാഫിക് പോലീസിലെ ഒരു പോലീസുകാരനില്‍ നിന്നും തൃശൂരിലെ വ്യാപാരിയില്‍ നിന്നും കവര്‍ന്ന ഓരോ മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഹൊസങ്കടിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ തിങ്കളാഴ്ച രാത്രി മോഷണം പോയ സംഭവവും ഉണ്ടായി. ഹൊസങ്കടി അംഗഡിപദവിലെ ഇബ്രാഹിമിന്റെ പള്‍സര്‍ ബൈക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ റോഡിലെ മറ്റൊരു വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുമാണ് മോഷണം പോയത്.

ഇതിന് പുറമെ ചെറുതും വലുതുമായ മോഷണങ്ങള്‍ ജില്ലയിലെമ്പാടും അടുത്ത ദിവസങ്ങളിലായി അരങ്ങേറി. പോലീസ് നടപടികള്‍ കേസെടുക്കുന്നതില്‍ ഒതുങ്ങുന്നതല്ലാതെ അതിനപ്പുറം ജാഗ്രത്തായ നിലയിലേക്ക് ഉയരുന്നില്ലെന്നാണ് ആക്ഷേപം.

മഴ ശക്തമായതോടെ മോഷ്ടാക്കള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മോഷ്ടാക്കളും ജില്ലയില്‍ തമ്പടിച്ചിരിക്കുകയാണ്. ബാങ്കുകള്‍, ജ്വല്ലറികള്‍, വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ നേരത്തെ കണ്ടുവെച്ചാണ് കവര്‍ച്ചാ പദ്ധതി നടപ്പാക്കുന്നത്. ഇത് നേരത്തെ കണ്ടറിയാന്‍ കഴിയാത്ത പോലീസിന് കവര്‍ച്ച നടന്നതിന് ശേഷമാണ് ആ വിവരം അറിയുന്നത്.

വിപുലമായ ആശയവിനിമയത്തിനുള്ള സംവിധാനവും വാഹന സൗകര്യവും ബന്ധങ്ങളും ഉള്ള ഹൈടെക് മോഷ്ടാക്കള്‍ പലപ്പോഴും പോലീസുകാരെ അത്ഭുതപ്പെടുത്തുന്നു. ബസുകളിലും ട്രെയിനുകളിലും കയറിക്കൂടി യാത്രക്കാരുടെ ആഭരണവും പണവും കൊള്ളയടിക്കുന്ന സംഘവും നാട്ടില്‍ വിലസുകയാണ്. ബൈക്കുകളില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ സ്വര്‍ണ മാല പൊട്ടിക്കുന്നവരും മഴക്കാലം മുതലെടുക്കുകയാണ്. എന്നാല്‍ പരമ്പരാഗതമായ സൗകര്യവും അന്വേഷണ രീതിയും മാത്രം കൈമുതലുള്ള പോലീസിന് മോഷ്ടാക്കളുടെ പിറകെ ഓടാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ഈ ഓട്ടത്തിനിടയില്‍ ചിലപ്പോള്‍ ചിലര്‍ കുടുങ്ങുന്നു എന്ന് മാത്രം.

മഴ മറയാക്കി മോഷ്ടാക്കള്‍ വിലസുന്നു; പോലീസ് കേസെടുത്ത് മിണ്ടാതിരിക്കുന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia