'വര്‍ഗ്ഗീയ സംഘര്‍ഷം ഉന്മൂലനം ചെയ്യാന്‍ പോലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തും'
May 14, 2012, 16:03 IST
![]() |
കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാറില്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. |
സംഘര്‍ഷങ്ങള്‍ തടയാന്‍ ഭരണപരമായ നടപടികള്‍ സ്വീകരിക്കും. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്ന പ്രകടനങ്ങള്‍ തടയാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. ജനങ്ങളെ വര്‍ഗ്ഗീയ വികാരങ്ങളുടെ അടിമകളാക്കി മാറ്റുന്ന പ്രവണതകള്‍ തടയും. പോലീസ് സേനാംഗങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. പോലീസ് സേനയുടെ നിലവിലുള്ള അംഗബലത്തിന്റെ 50 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ഡി ജി പി ജേക്കബ് പുന്നൂസിന്റെ നിര്‍ദ്ദേശം ഗവണ്മെന്റ് ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കും. കൂടാതെ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാവുന്ന കേന്ദ്രങ്ങളില്‍ പോലീസ് റോന്ത് ചുറ്റുന്നതിന് ആവശ്യമായ മോട്ടോര്‍ സൈക്കിളുകളും മറ്റ് വാഹനങ്ങളും ലഭ്യമാക്കും.
പാസ്പോര്‍ട്ട് കേസുകള്‍ കേന്ദ്രരഹസ്യ സേനയ്ക്ക് കൈമാറും
കാസര്‍കോട്ടെ വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയിലെ 181 വ്യാജ പാസ്പോര്‍ട്ട് കേസ്സുകളാണ് ഇപ്പോള്‍ അന്വേഷിച്ചു വരുന്നത്. മംഗാലാപുരം വിമാന അപകടത്തില്‍ മരിച്ചവരില്‍ വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചിരുന്നതിനാല്‍ 15 പേരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ വ്യാജ പാസ്പോര്‍ട്ട് കേസുകളില്‍ സമഗ്രമായ അന്വേഷണം ആവശ്യമായതിനാലാണ് കേന്ദ്രത്തിന് കൈമാറുന്നത്.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സി സി ക്യാമറകള്‍
കാസര്‍കോട് നഗരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളില്‍ സി സി ക്യാമറകള്‍ സ്ഥാപിച്ചു നഗരങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നവരെ പിടികൂടാനുള്ള സംവിധാനം വിപുലീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനകംതന്നെ കാസര്‍കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സി സി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ക്യാമറകളില്‍ എടുത്ത ഫോട്ടോകള്‍ പോലീസ് കണ്ട്രോള് റൂമിലെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് നഗരത്തിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കും. വ്യാപാരി-വ്യവസായികളുമായി സഹകരിച്ച് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സി സി ക്യാമറകള്‍ സ്ഥാപിക്കും. അക്രമങ്ങള്‍ നടത്തുമ്പോള്‍ സി സി ടിവിയില്‍ ചിത്രങ്ങള്‍ വ്യക്തമാകുന്നതോടെ യഥാര്‍ത്ഥ കുറ്റവാളികളെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയും.
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്ന യാഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പോലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്കി. കുറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും അവരെ കോടതിയിലെത്തിക്കാനും പ്രത്യേകം ശ്രദ്ധ വേണം. കേസില്‍ ബന്ധപ്പെടാത്തവരെ പ്രതികളാക്കി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്ന പ്രവണത അവസാനിപ്പിക്കണം.
കാസര്‍കോട് കടലോരമേഖലയില്‍ ഏറ്റവുമധികം വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുന്നതിനാല്‍ ഇത് സര്‍ക്കാര്‍ ഗൗരവമായി എടുക്കും. പോലീസ് കൃത്യമായി നീതി നടപ്പാക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകും. ഒരു കാരണവശാലും കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതല്ല. കുട്ടികള്‍ക്ക് നിയമവ്യവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍
സ്റ്റുഡന്റസ് പോലീസ് സംവിധാനം തീരപ്രദേശത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്ന കാര്യം പരിഗണിക്കും. ജനമൈത്രി പോലീസ് സംവിധാനവും വിപുലപ്പെടുത്തും. സംസ്ഥാനതല, രാഷ്ട്രീയ-സാംസ്കാരിക നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍ഗോഡ് പ്രത്യേക സ്നേഹ-സൗഹാര്‍ദ ക്യാംപെയ്ന് സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ജില്ലാപോലീസിന്റെ പുതിയ സംരംഭം പൊന്‍പുലരി പദ്ധതിയുടെ കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
യോഗത്തില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ്, ഇന്റലിജന്‍സ് വിഭാഗം തലവന്‍ എ ഡി ജി പി ടി.പി.സെന്‍കുമാര്‍, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, ഐ.ജി.ഗോപിനാഥന്, എസ്.പി എസ്.സുരേന്ദ്രന് മറ്റ് വിവിധ പോലീസ് ഉദ്യോഗസ്ഥന്മാര് പങ്കെടുത്തു.
Keywords: Kasaragod, Minister Thiruvanchoor Radhakrishnan, Press club.