city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reading Day | 'ദേശീയത എന്നത് ഏകശിലാ നിര്‍മിതമായ ഒന്നല്ല', രാഷ്ട്രീയജാഗ്രത ഏറെ അനിവാര്യമായ കാലമാണിതെന്ന് കവി ദിവാകരന്‍ വിഷ്ണുമംഗലം

Divakaran Vishnumangalam
'അപരനെ സ്‌നേഹിക്കുവാനും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും അങ്ങനെ നല്ല പൗരന്‍മാരായി വളരാനും വിദ്യാഭ്യാസം കൊണ്ട് സാധ്യമാവണം'

കാസർകോട്:  (KasaragodVartha) ഉത്തമ സാഹിത്യ കൃതികള്‍ സത്യത്തെയും നീതിയെയും സ്‌നേഹത്തേയും സഹവര്‍ത്തിത്വത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴിവിളക്കാണെന്ന് കവി ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും  അക്ഷര ലൈബ്രറിയും ചേര്‍ന്ന് സംഘടിപ്പിച്ച വായന പക്ഷാചരണ ജില്ലാ തല പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ദിവാകരന്‍ വിഷ്ണുമംഗലം. 

reading day

കലയുടെയും സാഹിത്യത്തിന്റെയും അനുശീലനം നമ്മെ വിശുദ്ധരാക്കുന്നു. കലാപകലുഷിതമായ വര്‍ത്തമാനകാല അസ്വാസ്ഥ്യങ്ങള്‍ക്ക് മറുമരുന്നാണ് കലയും സാഹിത്യവുമെല്ലാം. അവ സമാധാനത്തിനായുള്ള നിതാന്തമായ പ്രാര്‍ത്ഥനകളാണ്. അത് എക്കാലത്തേക്കുമായുള്ള മാനവകുലത്തിന്റേയും സ്വാതന്ത്ര്യഗീതമാണ്. സ്‌നേഹവും നന്മയും കാരുണ്യവും ജീവിതത്തില്‍ പുലര്‍ത്താന്‍ ജൈവനീതിയുടെ പാഠങ്ങള്‍ അവ നമുക്ക് പറഞ്ഞു തരുന്നു. വിദ്യാഭ്യാസം നമ്മുടെ ബോധമണ്ഡലത്തിലേക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 

അപരനെ സ്‌നേഹിക്കുവാനും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും അങ്ങനെ നല്ല പൗരന്‍മാരായി വളരാനും വിദ്യാഭ്യാസം കൊണ്ട് സാധ്യമാവണം. അറിവ് അനുഭവമാവണം അറിവിന്റെ പ്രായോഗികതയിലൂന്നിയ വിദ്യാഭ്യാസമാണ് ഉത്തമമായത്. അത് ഉദാത്തമായ ജീവിതവഴി തന്നെയാണ്. സാമൂഹികവും പാരിസ്ഥിതികവുമായ രാഷ്ട്രീയജാഗ്രത ഏറെ അനിവാര്യമായ കാലമാണിത്. ദേശീയത എന്നത് ഏകശിലാ നിര്‍മ്മിതമായ ഒന്നല്ല. അത് പലമയുടെ പുണരലാണ്, ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും അനുഭവിക്കാന്‍ രാജ്യത്തിലെ ഓരോ പൗരനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. ദരിദ്രരുടെയും ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും നേര്‍ക്കുള്ള അവകാശനിഷേധങ്ങള്‍ കാണാതെ പോകരുത്. 

നമ്മെ നാമാക്കിത്തീര്‍ത്ത ചരിത്രത്തെക്കുറിച്ചും സാമൂഹത്തെക്കുറിച്ചുമുള്ള അവബോധം നമുക്കുണ്ടാവണം. പാഠ പുസ്തക വായനയോടൊപ്പം പത്രവായനയിലൂടെ ദൈനംദിന ലോകഗതിവിഗതികള്‍ അറിയുവാനാവും. സാഹിത്യ കൃതികളുടെ വായന നമ്മെ പല ദേശകാല ജീവിതസത്യങ്ങള്‍ അനുഭവിപ്പിക്കുന്നു. അത് ജൈവനീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ബോധവെളിച്ചം നമുക്ക് പകര്‍ന്നു തരുന്നു. സമത്വത്തിന്റെ സ്‌നേഹാക്ഷരങ്ങളാണ് മഹത്തായ സാഹിത്യ കൃതികള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ തന്റെ മുന്നിലെത്തുന്ന പൗരന്റെ ജീവല്‍പ്രശ്‌നങ്ങളെ കരുണയോടെയും ആര്‍ദ്രതയോടെയും സമീപിക്കാന്‍ മികച്ച സാഹിത്യകൃതികള്‍ വായിക്കേണ്ടത് അനിവാര്യമാണെന്ന് ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു.

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം കെ.വി ശ്രുതി നിര്‍വഹിച്ചു. വായന ജീവിതചര്യയാകണമെന്നും വായനയിലൂടെ ചിന്തിച്ച് വിവേകം നേടണമെന്നും അവര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. 

കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ.ജനാര്‍ദ്ദനന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രസംഗം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ ആര്‍.രാജേഷ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന വി.ദിനേശ വായനാദിനസന്ദേശം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എന്‍ ബാബു, അക്ഷര ലൈബ്രറി പ്രസിഡണ്ട് ആശാലത എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി കെ. മുകുന്ദന്‍ നന്ദിയും പറഞ്ഞു. കളക്ടറേറ്റിലെ വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia