Protest | പ്ലസ് വൺ സീറ്റ് പ്രതിസന്ധി: റോഡ് ഉപരോധിച്ച് ഫ്രറ്റേണിറ്റി; പ്രവർത്തകരെ അറസ്റ്റ് ചെയ്തു
'ജില്ലയിൽ 4998 കുട്ടികൾ സീറ്റ് ലഭിക്കാദി പുറത്തുണ്ട്'
കാസർകോട്: (KasargodVartha) മൂന്നാം അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും ജില്ലയിലെ 4998 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്എസ്എൽസി വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ എയിഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭ്യമാക്കുക, പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക, ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും ഹയർ സെക്കൻഡറിയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റിയുടെ സമരം.
പഴയ ബസ്റ്റാൻ്റ് പരിസരത്തു നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയാണ് ഉപരോധിച്ചത്. ജില്ലയിൽ 20147 പേർ പ്ലസ് വൺ അപേക്ഷ നൽകിയപ്പോൾ 14377 പേർക്കാണ് സീറ്റ് ലഭിച്ചത്. ജില്ലയിൽ 4998 കുട്ടികൾ പ്ലസ് വൺ പഠിക്കാൻ സീറ്റ് ലഭിക്കാനായി പുറത്തുണ്ട്. എന്നാൽ ഇനി 772 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ജില്ലയോടുള്ള അവഗണനയും വിവേചനവും സർക്കാർ അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരാനാണ് തീരുമാനമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികൾ പറഞ്ഞു.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സനൽ കുമാർ, ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.എം വാജിദ്, റാസിഖ് മഞ്ചേശ്വരം, സെക്രട്ടറിമാരായ ഷാഹ്ബാസ് കോളിയാട്ട്, അഡ്വ. ഫൈമ കീഴൂർ, ഷിബിൻ റഹ്മാൻ, സിറാജുദ്ദീൻ മുജാഹിദ്, തഹാനി അബ്ദുൽ സലാം, ഷബ്‌നം ബഷീർ, ബിഷാറ, ലുബൈന ലത്തീഫ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.